സുപ്രധാന നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; കസ്റ്റംസിനോട് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ചോദിച്ചു

കേന്ദ്ര ഏജന്‍സിയായ കസ്റ്റംസിനോട് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ആരാഞ്ഞ് സംസ്ഥാന സര്‍ക്കാര്‍. യുഎഇ കോണ്‍സുലേറ്റിന്റെ ഈന്തപ്പഴ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ അപൂര്‍വ നടപടി. ആറ് ചോദ്യങ്ങളാണ് കസ്റ്റംസിനോട് സര്‍ക്കാര്‍ ചോദിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസറായ എ.പി. രാജീവനാണ് വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത്. തിരുവനന്തപുരത്തെ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷനിലെ അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.
യുഎഇ കോണ്‍സുലേറ്റിന്റെ ഈന്തപ്പഴ വിതരണവുമായി ബന്ധപ്പെട്ടാണ് ചോദ്യങ്ങള്‍. ആറ് ചോദ്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ചോദിച്ചിരിക്കുന്നത്. കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട് എത്ര കേസുകളില്‍ നിയമവ്യവഹാരം ആരംഭിച്ചു എന്നതാണ് ആദ്യത്തെ ചോദ്യം. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ ഹാന്‍ഡ് ബുക്ക് അനുവദിക്കുന്നതുപ്രകാരം എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ള വസ്തുക്കള്‍ എന്തൊക്കെയാണ്, അത് ഉറപ്പുവരുത്തുന്നതിനുള്ള എന്തൊക്കെ നടപടികളാണ് കസ്റ്റംസ് സ്വീകരിക്കുന്നത് എന്നതാണ് രണ്ടാമത്തെ ചോദ്യം.
നയതന്ത്ര ഓഫീസുകളുടെ ഉപയോഗത്തിനായി ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കികൊടുക്കാന്‍ ഉത്തരവാദിത്വപ്പെട്ട വ്യക്തി ആരാണ്, തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ഇറക്കുമതി ചെയ്ത ഈന്തപ്പഴം അനുവദനിയമല്ലാത്ത കാര്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിന് ഡ്യൂട്ടി അടയ്ക്കാന്‍ ബാധ്യസ്ഥനായ ഇറക്കുമതിക്കാരന്‍ ആര്, ഇറക്കുമതി ചെയ്ത വസ്തുക്കള്‍ക്ക് മേല്‍ കസ്റ്റംസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ, എത്രപേര്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട് എന്നീ ചോദ്യങ്ങളാണ് കസ്റ്റംസിനോട് സര്‍ക്കാര്‍ ചോദിച്ചിരിക്കുന്നത്.
Story Highlights – state government – Customs – Right to Information Act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here