Advertisement

വി. എസ് അച്യുതാനന്ദൻ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷ സ്ഥാനം രാജിവച്ചു

January 30, 2021
Google News 1 minute Read

വി. എസ് അച്യുതാനന്ദൻ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷ സ്ഥാനം രാജിവച്ചു. ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്നാണ് വി.എസ് പദവി ഒഴിഞ്ഞത്. രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നാല് വർഷവും അഞ്ച് മാസവും അദ്ദേഹം അധ്യക്ഷനായി ഇരുന്നു.

സ്ഥാനമൊഴിയുന്ന കാര്യം അദ്ദേഹം ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലിട്ട കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ നാലര വര്‍ഷമായി പ്രവര്‍ത്തിക്കുകയും പതിനൊന്ന് പഠന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തതാി വി.എസ് കുറിച്ചു. ഇതിന് വേണ്ടി സംസ്ഥാനത്തുടനീളം സഞ്ചരിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തു. നിരവധി സെമിനാറുകളും യോഗങ്ങളും നടത്തി. ഇത്തരം യോഗങ്ങളിലൂടെ ക്രോഡീകരിച്ച അഭിപ്രായ നിര്‍ദേശങ്ങള്‍ ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് വിധേയമാക്കിയപ്പോഴാണ് റിപ്പോര്‍ട്ടുകള്‍ രൂപപ്പെട്ടത്. രണ്ട് റിപ്പോര്‍ട്ടുകള്‍കൂടി തയ്യാറാക്കിയിട്ടുണ്ട്. അതിന്‍റെ പ്രിന്‍റിം​ഗ് ജോലികള്‍ തീരുന്ന മുറയ്ക്ക് സര്‍ക്കാരിന് സമര്‍പ്പിക്കാനാകുമെന്നും വി.എസ് പറഞ്ഞു.

തലച്ചോറിലുണ്ടായ രക്തപ്രവാഹത്തെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി തുടരുന്നതിനാല്‍, യോഗങ്ങള്‍ നടത്താനോ, ചര്‍ച്ചകള്‍ സംഘടിപ്പിക്കാനോ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍, 31-01-2021 തീയതി വച്ച് ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതായി സര്‍ക്കാരിനെ അറിയിച്ചുവെന്നും വി.എസ് വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രിയമുള്ളവരെ,

ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ നാലര വര്‍ഷമായി പ്രവര്‍ത്തിക്കുകയും പതിനൊന്ന് പഠന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തുകഴിഞ്ഞു. ഇതിനു വേണ്ടി സംസ്ഥാനത്തുടനീളം സഞ്ചരിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തു. നിരവധി സെമിനാറുകളും യോഗങ്ങളും നടത്തി. ഇത്തരം യോഗങ്ങളിലൂടെ ക്രോഡീകരിച്ച അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് വിധേയമാക്കിയപ്പോഴാണ് റിപ്പോര്‍ട്ടുകള്‍ രൂപപ്പെട്ടത്. രണ്ട് റിപ്പോര്‍ട്ടുകള്‍കൂടി തയ്യാറാക്കിയിട്ടുണ്ട്. അതിന്‍റെ പ്രിന്‍റിം​ഗ് ജോലികള്‍ തീരുന്ന മുറയ്ക്ക് അതും സര്‍ക്കാരിന് സമര്‍പ്പിക്കാനാവും.

എന്നാല്‍, ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ എനിക്ക് തുടരാനാവാതെ വന്നിരിക്കുന്നു. തലച്ചോറിലുണ്ടായ രക്തപ്രവാഹത്തെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി തുടരുന്നതിനാല്‍, യോഗങ്ങള്‍ നടത്താനോ, ചര്‍ച്ചകള്‍ സംഘടിപ്പിക്കാനോ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍, 31-01-2021 തീയതിവച്ച് ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതായി ഞാന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

നൂറു കണക്കിന് ആളുകളുടെ കൂട്ടായ യത്നത്തിന്‍റെ ഫലമായാണ് കമ്മിഷന്‍റെ പഠന റിപ്പോര്‍ട്ടുകളുണ്ടായത്. ഈ യജ്ഞത്തില്‍ സഹകരിച്ച എല്ലാവരോടും അകൈതവമായ കൃതജ്ഞത അറിയിക്കുന്നു. സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടുകളില്‍ കൈക്കൊള്ളുന്ന തുടര്‍ നടപടികളാണ് കമ്മീഷന്‍ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുക. അതുണ്ടാവും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

Story Highlights – V S Achuthanandan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here