പെട്രോള്‍ വില കുറക്കാത്തത് ജനദ്രോഹമെന്ന് ഉമ്മന്‍ ചാണ്ടി

പെട്രോള്‍/ ഡീസല്‍ ഉത്പന്നങ്ങളുടെ വില കുതിച്ചു കയറി ജനജീവിതം മഹാദുരിതത്തിലായപ്പോള്‍ കേന്ദ്ര ബജറ്റില്‍ ഇളവ് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായഉമ്മന്‍ ചാണ്ടി. എക്സൈസ് നികുതി അല്‍പം കുറച്ചെങ്കിലും സെസ് ഏര്‍പ്പെടുത്തിയതോടെ വില ഉയര്‍ന്നു നില്‍ക്കുന്നു. ഇതു വലിയ ജനദ്രോഹം തന്നെയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കൊവിഡ് വാക്സിന്‍ സൗജന്യമായി ലഭിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. കൊവിഡ് കാലത്ത് ജനങ്ങള്‍ക്കു നേരിട്ടു പണം ലഭിക്കുന്ന ഒരു പദ്ധതിയും പ്രഖ്യാപിച്ചില്ല. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പടുത്തുയര്‍ത്തിയ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുന്ന പരിപാടി പൂര്‍വാധികം ഊര്‍ജിതമാക്കി. ദേശീയ പാതകള്‍ ജനങ്ങളുടെ പണം ഉപയോഗിച്ച് നിര്‍മിച്ച ശേഷം ടോള്‍ പിരിവ് വിദേശ കുത്തകകളെയാണ് ഏല്‍പിക്കുന്നത്.
Read Also : ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍
കഴിഞ്ഞ മാസം മാത്രം ഏഴ് തവണയാണ് പെട്രോള്‍ വില കൂട്ടിയത്. അന്താരാഷ്ട്ര വിപണിയില്‍ ബെന്റ് ഇനം ക്രൂഡിന് വില 2020 ജനുവരിയില്‍ 63.65 ഡോളറായിരുന്നത് ഇപ്പോള്‍ 55.61 ഡോളറായി കുറഞ്ഞു നില്‍ക്കുമ്പോഴാണ് രാജ്യത്ത് വില കുതിക്കുന്നത്.
ഒരു ലിറ്റര്‍ പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് എക്സൈസ് നികുതി. സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് നികുതി ചുമത്തുന്നത്. കൂടാതെ ഒരു രൂപ അധിക നികുതിയും ഒരു ശതമാനം സെസുമുണ്ട്. പെട്രോളിന്റെ അടിസ്ഥാന വില ലിറ്ററിന് വെറും 29.33ഉം ഡീസലിന് 30.43ഉം രൂപയാണ്. ഇതിന്റെ മൂന്നിരട്ടിയോളം വിലയിട്ടാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ പിഴിയുന്നത്.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയായിരുന്നു എക്സൈസ് നികുതി. യുഡിഎഫ് സര്‍ക്കാര്‍ പെട്രോള്‍/ ഡീസല്‍ വില കുതിച്ചു കയറിയപ്പോള്‍ നാല് തവണ അധിക നികുതി വേണ്ടെന്നു വച്ച് 619.17 കോടിയുടെ സമാശ്വാസം നല്‍കി. ഇടതു സര്‍ക്കാര്‍ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് വേളയില്‍ മാത്രമാണ് ഒരു രൂപയുടെ ഇളവ് നല്‍കിയതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
Story Highlights – oommen chandy, union budget 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here