‘വിഴിഞ്ഞം പദ്ധതിയുടെ പിതാവ് ഉമ്മന്‍ചാണ്ടി’ ; കമ്മിഷനിങ്ങിന് മുന്‍പ് ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തി എം വിന്‍സെന്റ് എംഎല്‍എ

ഉദ്ഘാടനദിനത്തിലും വിഴിഞ്ഞത്തെ രാഷ്ട്രീയപ്പോര് തുടരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യം അര്‍പ്പിച്ച് ഇന്ന് എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ പ്രത്യേക പരിപാടി. കമ്മിഷനിങ്ങിന് മുന്‍പ് ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തി എം വിന്‍സെന്റ് എംഎല്‍എ. വിഴിഞ്ഞം പദ്ധതിയുടെ പിതാവ് ഉമ്മന്‍ചാണ്ടിയെന്ന് എം വിന്‍സെന്റ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിന്റെ പിതാവാണ് ഉമ്മന്‍ചാണ്ടിയെന്നും എന്ത് പഴി കേട്ടാലും പദ്ധതി പൂര്‍ത്തിയാക്കും എന്ന ഉമ്മന്‍ചാണ്ടിയുടെ ദൃഢനിശ്ചയത്തിന്റെ ഫലമാണ് വിഴിഞ്ഞമെന്നും എം വിന്‍സെന്റ് എംഎല്‍എ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് വിഴിഞ്ഞം. കല്ല് ഇട്ടാല്‍ പദ്ധതി ആവില്ല പക്ഷെ കരാര്‍ ഒപ്പിട്ടാല്‍ പദ്ധതിയാവും. പശ്ചാത്തല വികസനം ഒന്നുമായില്ല. റെയില്‍, റോഡ് കണക്റ്റിവിറ്റി പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. ഫിഷ് പാര്‍ക്ക്, സി ഫുഡ് പാര്‍ക്ക് തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഒരു കണ്ടെയ്‌നര്‍ പോലും ഗേറ്റ് കടന്ന് വന്നിട്ടില്ല. റോഡ് കണക്റ്റിവിറ്റി പൂര്‍ത്തിയാവാത്തത് മൂലമാണത്. കരാര്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ മേല്‍നോട്ട പ്രവര്‍ത്തനം മാത്രമാണ് സര്‍ക്കാരിന് ചെയ്യാനുള്ളത്. അത്‌പോലും കൃത്യമായി ചെയ്യാന്‍ സാധിച്ചിട്ടില്ല. യുഡിഎഫ് സര്‍ക്കാര്‍ തുടര്‍ന്നിരുന്നെങ്കില്‍ 2019ല്‍ തന്നെ പദ്ധതി പൂര്‍ത്തിയാകുമായിരുന്നു. അദാനിയുടെ പ്രവര്‍ത്തനം മാത്രമാണ് പൂര്‍ത്തിയായത്. അതാണ് ഉത്ഘാടനം ചെയ്യാന്‍ പോകുന്നത്. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതെ അവഹേളിച്ചു. വിളിച്ചു എന്ന് വരുത്തി വരാതിരിക്കാനുള്ള എല്ലാ കാര്യവും ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തത്. വികസനം ആഗ്രഹിക്കുന്ന കേരളത്തിന് സര്‍ക്കാര്‍ നിലപാട് ഭൂഷണമല്ല- എം വിന്‍സെന്റ് എംഎല്‍എ പറഞ്ഞു.
കേരളത്തെയും ഭരതത്തെയും സംബന്ധിച്ച് അഭിമാന ദിവസമെന്ന് പറഞ്ഞ ചാണ്ടി ഉമ്മന്‍കല്ല് മാത്രം ഇട്ടു എന്ന പ്രചാരണം പച്ചകള്ളമാണെന്നും വ്യക്തമാക്കി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തറക്കില്ലിട്ട് പണി തുടങ്ങിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്യാതെ ക്രെഡിറ്റ് എടുക്കാന്‍ പിആര്‍ വര്‍ക്ക് ചെയ്യുകയാണ്. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളെ പോലും ഭയക്കുന്നത് കൊണ്ടാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരുന്നത് – ചാണ്ടി ഉമ്മന്‍ പറഞ്ഞു.
അതേസമയം, വിഴിഞ്ഞം തുറമുഖത്തിന്റെ ക്രഡിറ്റ് ആര്‍ക്ക് എന്ന ചോദ്യത്തില്‍ രാഷ്ട്രീയ വാഗ്വാദങ്ങള്‍ തുടരുകയാണ്. പിണറായി സര്‍ക്കാരിന്റെ വിജയഗാഥയെന്ന് സിപിഐഎം അവകാശപ്പെടുമ്പോള്‍, ഉമ്മന്‍ചാണ്ടിയുടെ കുഞ്ഞാണ് – വിഴിഞ്ഞമെന്നാണ് കോണ്‍ഗ്രസ് പ്രചാരണം. വിഴിഞ്ഞം യാഥാര്‍ത്ഥ്യമാക്കിയ പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് ബിജെപിയും രംഗത്തുണ്ട്. ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന കടുത്ത തീരുമാനത്തിലാണ് പ്രതിപക്ഷ നേതാവ്.
Story Highlights : Vizhinjzm port political controversy : M Vincent MLA visited Oommen Chandy’s grave
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here