മുസ്ലിം ലീഗിന് എതിരായ വിമര്‍ശനം തുടരുമെന്ന് സിപിഐഎം

gold smuggling case ;CPIM against opposition protests

മുസ്ലിം ലീഗിനെതിരായ വിമര്‍ശനങ്ങളില്‍ മയപ്പെടേണ്ടതില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ലീഗിനെതിരായ വിമര്‍ശനം മുഴുവന്‍ മുസ്ലിമുകള്‍ക്കെതിരാണെന്ന് വ്യാഖ്യാനിക്കാനാണ് ശ്രമമെന്നും യോഗം വിലയിരുത്തി.

സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ വിമര്‍ശിച്ചത് ലീഗും വെല്‍ഫയര്‍ പാര്‍ട്ടിയും തമ്മിലുള്ള ബന്ധത്തെയാണെന്നും അതിനെ തെറ്റായി വ്യാഖ്യാനിച്ച് മുസ്ലിമുകള്‍ക്കെതിരാണെന്ന് വരുത്താനാണ് ശ്രമം നടക്കുന്നതെന്നും സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.

Read Also : ഉമ്മന്‍ ചാണ്ടിയുടെ മടങ്ങിവരവ്; ഹൈക്കമാന്‍ഡ് തീരുമാനത്തെ പിന്തുണയ്ക്കുന്നെന്ന് മുസ്ലിം ലീഗ്

പാണക്കാട് തറവാടിനോ ശിഹാബ് തങ്ങള്‍ക്കോ എതിരായി പാര്‍ട്ടി നേതാക്കള്‍ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്ന് മന്ത്രി എ കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെല്‍ഫയര്‍ പാര്‍ട്ടി ബന്ധത്തെക്കുറിച്ചുള്ള വിജയരാഘവന്റെ ചോദ്യത്തിന് കൃത്യമായ മറുപടിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയന് ന്യൂനപക്ഷങ്ങള്‍ക്കിടയിലുള്ള സ്വാധീനം തര്‍ക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്ന് എ കെ ബാലന്‍ ആരോപിച്ചു.

മുസ്ലിമുകളുടെ ആകെ അവകാശം ലീഗിനല്ലെന്ന് സെക്രട്ടേറിയറ്റിന് ശേഷം മന്ത്രി എം എം മണി പ്രതികരിച്ചു. തലശേരി, മാറാട് കലാപ കാലത്ത് മുണ്ടുമടക്കിക്കുത്തി രക്ഷകരായി നിന്നത് സിപിഐഎം നേതാക്കളാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇതൊക്കെയാണെങ്കിലും പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കാനുള്ള അവസരം നല്‍കിയെന്നതാണ് പോരായ്മയായി സംസ്ഥാന സെക്രട്ടേറിയറ്റ് കാണുന്നത്.

ഇത്തരം പ്രതികരണങ്ങള്‍ വേണോയെന്ന് തീരുമാനിക്കേണ്ടത് എ വിജയരാഘവന്‍ തന്നെയാണെന്നായിരുന്നു സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ പ്രതികരണം.

അതേസമയം ഐശ്വര്യ കേരളയാത്രക്കിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും എ വിജയരാഘവനെ കടന്നാക്രമിച്ചു. മുസ്ലിം വിഭാഗത്തെ മുഴുവന്‍ മതമൗലിക വാദികളായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Story Highlights – muslim league, cpim

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top