ലീഗ് വിരുദ്ധ പ്രസ്താവന; എ വിജയരാഘവനെ തള്ളി എൽഡിഎഫ് ഘടകക്ഷികളും

LDF allies criticizes Vijayaraghavan

ലീഗ് വിരുദ്ധ പ്രസ്താവനയിൽ സിപിഐഎമ്മിനു പിന്നാലെ എ വിജയരാഘവനെ തള്ളി എൽഡിഎഫ് ഘടകക്ഷികളും. ഇത്തരം പ്രതികരണങ്ങൾ വേണോയെന്ന് തീരുമാനിക്കേണ്ടത് വിജയരാഘവൻ തന്നെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. വിജയരാഘവനും ബിജെപിക്കും ഒരേ സ്വരമാണെന്ന വിമർശനവുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തി. അതിനിടെ, സീറ്റ് വിഭജന സ്ഥാനാർഥി നിർണയ പ്രാഥമിക ചർച്ചകൾക്കായി സിപിഐഎമ്മിന്റെ മൂന്നുദിവസം നീളുന്ന നേതൃയോഗങ്ങൾക്ക് തിരുവനന്തപുരത്ത് തുടക്കമായി.

എ വിജയരാഘവന്റെ വിവാദ പ്രസ്താവനയിൽ കഴിഞ്ഞ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വെൽഫയർ പാർട്ടി അടക്കമുള്ള മതാതിഷ്ഠിത സംഘടനകളുമായി ബന്ധം വിപുലീകരിക്കുന്നതിനാണോ കോൺഗ്രസ്-ലീഗ് നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച എന്നതായിരുന്നു താൻ ഉന്നയിച്ച ചോദ്യമെന്നാണ് എ വിജയരാഘവന്റെ വിശദീകരണം. എന്നാൽ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നാണ് സിപിഐഎം വിലയിരുത്തൽ. മുഖ്യമന്ത്രിയും വാർത്താസമ്മേളനത്തിൽ എ വിജയരാഘവന്റെ പ്രസ്താവനയെ പിന്തുണച്ചിരുന്നില്ല. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ എകെജി സെന്ററിൽ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടാകും. അതിനിടയിലാണ് വിജയരാഘവനെതിരായ കാനം രാജേന്ദ്രന്റെ നിലപാട്.

Read Also : നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഐഎം സ്ഥാനാർത്ഥി പട്ടികയിൽ കൂടുതൽ പുതുമുഖങ്ങളുണ്ടാകുമെന്ന സൂചന നൽകി എ. വിജയരാഘവൻ

നിയമസഭാ സീറ്റ് വിഭജനമാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ ഒരു ചർച്ചാവിഷയം. പുതുതമായി മുന്നണിയിലെത്തിയ കേരളാ കോൺഗ്രസ് എമ്മിനും, എൽജെഡിക്കും സീറ്റുകൾ കണ്ടെത്തണം. സ്ഥാനാർഥി നിർണയത്തിനായുള്ള പൊതുമാനദണ്ഡങ്ങൾക്കും നാളെയും മറ്റന്നാളുമായി ചേരുന്ന സംസ്ഥാന സമിതിയോടെ രൂപമാകും. തദ്ദേശ തിരഞ്ഞെടുപ്പു മാതൃകയിൽ യുവജന-പുതുമുഖ സ്ഥാനാർഥികൾക്ക് മുൻതൂക്കം നൽകിയായിരിക്കും പട്ടിക തയാറാക്കുക. വിജയസാധ്യത കണക്കിലെടുത്ത് തുടർച്ചയായി രണ്ട് തവണ വിജയിച്ചവർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന മാർഗനിർദേശത്തിൽ ഇളവ് വരുത്തും. സെക്രട്ടറിയേറ്റംഗങ്ങളിൽ ആരൊക്കെ മത്സരിക്കണം, മന്ത്രിമാർ എത്രപേർ വീണ്ടും മത്സരിക്കണം എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടതുണ്ട്.

Story Highlights – LDF allies criticizes A Vijayaraghavan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top