‘തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഹസനം’; ബജറ്റിനെതിരെ ശിവസേന

കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി ശിവസേന. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഹസനമാണ് ബജറ്റെന്ന് ശിവസേന മുഖപത്രമായ സാംനയുടെ എഡിറ്റോറിയൽ കുറ്റപ്പെടുത്തി. ബജറ്റിൽ മഹാരാഷ്ട്രയെ നിർമ്മല സീതാരാമൻ മറന്നുകളഞ്ഞു. ഡിജിറ്റൽ കുതിരയെ ഓടിക്കുന്ന സ്വപ്ന സഞ്ചാരമാണ് ബജറ്റ് എന്നും ശിവസേന കുറ്റപ്പെടുത്തി.
അസം, കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് ബജറ്റിൽ വാരിക്കോരി കൊടുത്തിരിക്കുകയാണ്. ഈ സംസ്ഥാനങ്ങളൊക്കെ വരുന്ന മാസങ്ങളിൽ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഇത് കണ്ടുകൊണ്ടാണ് ബജറ്റിലെ പ്രഖ്യാപനങ്ങളെന്ന് സാംന എഡിറ്റോറിയലിൽ കുറ്റപ്പെടുത്തി.
Read Also : കേന്ദ്ര ബജറ്റ്; സ്വകാര്യവത്കരണ നീക്കങ്ങള്‍ക്ക് എതിരെ അതൃപ്തി വ്യക്തമാക്കി സംഘപരിവാര്‍ സംഘടനകള്‍
“തെരഞ്ഞെടുപ്പ് ജയിക്കാനുള്ള ആയുധമായി ബജറ്റിനെ ഉപയോഗിക്കുന്നത് എത്ര മോശമാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സംസ്ഥാനങ്ങൾക്ക് നിരവധി പ്രൊജക്ടുകളാണ് കേന്ദ്രം നൽകിയത്. രാജ്യത്തിനായി ഏറ്റവുമധികം പണം നൽകുന്ന മഹാരാഷ്ട്രയെ മറന്നു. മഹാരാഷ്ട്രയോട് പ്രതികാരം വീട്ടുന്നതു പോലുള്ള ബജറ്റാണ് ഇത്. നിർമ്മല സീതാരാമൻ രാജ്യത്തിൻ്റെ ധനമന്ത്രിയാണ്, ചില സംസ്ഥാനങ്ങളുടേതല്ല. നാഗ്പൂർ, നാഷിക് മെട്രോ പ്രൊജക്ടുകൾ അല്ലാതെ മുംബൈക്കും മഹാരാഷ്ട്രക്കും ഒന്നും കിട്ടിയില്ല.”- എഡിറ്റോറിയലിൽ പറയുന്നു.
കൊവിഡ് മൂലമുണ്ടായ നഷ്ടങ്ങൾ നികത്താൻ ബജറ്റിലൊന്നും ചെയ്തിട്ടില്ലെന്നും സാംന കുറ്റപ്പെടുത്തുന്നു. സാധാരണക്കാർക്ക് ഒന്നും ബജറ്റിൽ നിന്ന് കിട്ടിയിട്ടില്ല. ഒട്ടേറെ പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു, നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു, നിരവധി മേഖലകൾക്ക് തകർച്ച നേരിട്ടു. ഇതിനു വേണ്ടി ഒന്നും ബജറ്റിൽ ഇല്ലെന്നും ശിവസേന കുറ്റപ്പെടുത്തുന്നു.
Story Highlights – Shiv Sena Slams Nirmala Sitharaman on budget
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here