കർഷകർക്കെതിരെ കങ്കണ; റിഹാന്നയ്ക്ക് മറുപടി

Kangana Ranaut Rihanna Tweet

കർഷക പ്രതിഷേധത്തിൻ്റെ ചിത്രം പങ്കുവച്ച് ട്വീറ്റ് ചെയ്ത പോപ് ഗായിക റിഹാന്നയ്ക്ക് മറുപടിയുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. സമരം ചെയ്യുന്നവർ കർഷകരല്ലെന്നും അവർ തീവ്രവാദികളാണെന്നും കങ്കണ കുറിച്ചു. അവർ ഇന്ത്യയെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നും കങ്കണ ട്വിറ്ററിൽ കുറിച്ചു.

നാം എന്തുകൊണ്ടാണ് ഇതിനെ കുറിച്ച് സംസാരിക്കാത്തത് എന്ന ചോദ്യം തലക്കെട്ടായി നൽകിയാണ് റിഹാന്ന കർഷക സമരത്തിൻ്റെ ചിത്രം പങ്കുവച്ചത്. കർഷക സമരത്തെ തുടർന്ന് ഡൽഹിയിൽ ഇന്റർനെറ്റ് സേവനം നിർത്തലാക്കിയെന്ന വാർത്തയും ഒപ്പമുള്ള ചിത്രവും അടക്കമായിരുന്നു ട്വീറ്റ്. 100 മില്യണിലേറെ ഫോളോവേഴ്സുള്ള റിഹാന്നയുടെ ഈ ട്വീറ്റിന് വലിയ പ്രതികരണമാണ് ഉണ്ടായത്. ഇതിനു പിന്നാലെയാണ് കങ്കണ റിഹാന്നയ്ക്ക് മറുപടിയുമായി രംഗത്തെത്തിയത്.

‘ആരും അവരെപ്പറ്റി സംസാരിക്കാത്തത് അവർ കർഷകരല്ല, ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്ന തീവ്രവാദികൾ ആയതുകൊണ്ടാണ്. ഇന്ത്യയെ വിഭജിക്കുമ്പോൾ ചൈനയ്ക്ക് രാജ്യം പിടിച്ചെടുത്ത് അമേരിക്കയെ പോലെ ഒരു ചൈനീസ് കോളനി ആക്കാം. വെറുതെയിരിക്കൂ വിഡ്ഢീ, നിങ്ങളെപ്പോലെ ഞങ്ങളുടെ രാജ്യം ഞങ്ങൾ വിൽക്കില്ല’- കങ്കണ ട്വീറ്റ് ചെയ്തു.

Read Also : ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട അക്രമങ്ങള്‍; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി അതിർത്തി പ്രദേശങ്ങളായ സിം​ഗു, ​ഗാസിപൂർ, തിക്രി എന്നിവിടങ്ങളിലെ ഇന്റർനെറ്റ് സേവനം നിർത്തലാക്കിയിരുന്നു. തങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കലാണ് ഇതെന്ന് കർഷകർ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാർത്തയാണ് റിഹാന്ന പങ്കുവച്ചത്.

അതേസമയം, റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സുപ്രിംകോടതിയിൽ നിന്നും വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം നടത്തണമെന്നാണ് കർഷക സംഘടനകൾ ആവശ്യപ്പെട്ടിട്ടുള്ളത്. കർഷക സമരത്തിൽ പങ്കെടുത്ത നൂറിൽ അധികം കർഷകരെ തീഹാർ ജയിലിൽ നിന്ന് വിട്ടയക്കണമെന്നും ഹർജി ആവശ്യപ്പെടുന്നു.

Story Highlights – Kangana Ranaut Attacks Rihanna For Farmers Tweet

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top