എം. ശിവശങ്കറിന്റെ ജാമ്യം; രാഷ്ട്രീയ ലാഭത്തിന് അന്വേഷണ ഏജന്‍സികളെ കരുവാക്കി എന്ന ആരോപണം ഭരണപക്ഷം ശക്തമാക്കും

എം. ശിവശങ്കറിന് ജാമ്യം ലഭിച്ചത് സര്‍ക്കാരിന് ആശ്വാസമാകും. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ലാഭത്തിന് അന്വേഷണ ഏജന്‍സികളെ കരുവാക്കി എന്ന ആരോപണം ഭരണപക്ഷം ശക്തമാക്കും. 98 ദിവസത്തിനു ശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ പുറത്തേക്കു വരുമ്പോള്‍ വലിയ ആശ്വാസം സംസ്ഥാന സര്‍ക്കാരിനാണ്. തെളിവെവിടെ എന്ന ചോദ്യം കേന്ദ്ര അന്വേഷണ ഏജന്‍സികളോട് ഭരണപക്ഷം ഇനി ശക്തമായി ആവര്‍ത്തിക്കും.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്‌തേക്കുമെന്ന അഭ്യൂഹത്തിനിടെയാണ് ശിവശങ്കറിന് ജാമ്യം ലഭിക്കുന്നത്. അന്വേഷണ ഏജന്‍സികള്‍ ജാമ്യാപേക്ഷയെ എതിര്‍ത്തില്ല എന്നതാണ് സര്‍ക്കാരിന്റെ പിടിവള്ളി. തെളിവുണ്ടായിരുന്നെങ്കില്‍ എതിര്‍ക്കില്ലേ എന്ന ചോദ്യവും. കസ്റ്റഡിയിലുള്ള പ്രതികളെ മാപ്പു സാക്ഷിയാക്കിയും സര്‍ക്കാര്‍ തലത്തിലുള്ളവര്‍ക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയുമാണ് കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം മുഖ്യമന്ത്രി തന്നെ ഉന്നയിച്ചിരുന്നു.

യുഡിഎഫിന്റെ ആരോപണമാകട്ടെ ബിജെപിയും സിപിഐഎമ്മും ഒത്തു കളിച്ചതാണ് ശിവശങ്കറിന് ജാമ്യം ലഭിക്കാനിടയാക്കിയതെന്നാണ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അടുത്ത നീക്കത്തെ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. കേസുകളില്‍ അന്വേഷണം തുടരുന്നതിനാല്‍ ഏജന്‍സികളുടെ നീക്കം നിര്‍ണായകമാവും.

Story Highlights – M. Shiva Shankar’s bail – allegation – investigative agencies

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top