‘ഇന്ത്യക്ക് സ്വന്തം കാര്യം നോക്കാനറിയാം’; കേന്ദ്ര സർക്കാരിനെ അനുകൂലിച്ച് കായിക താരങ്ങളും സിനിമാ പ്രവർത്തകരും

കർഷക സമരത്തിന് രാജ്യാന്തര ശ്രദ്ധ ലഭിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെ അനുകൂലിച്ച് കായിക താരങ്ങളും സിനിമാ പ്രവർത്തകരും. സച്ചിൻ തെണ്ടുൽക്കറും വിരാട് കോലിയും അടക്കമുള്ള ക്രിക്കറ്റ് താരങ്ങളും ബാഡ്മിൻ്റൺ താരം സെയ്ന നെഹ്‌വാളും അക്ഷയ് കുമാറും അജയ് ദേവ്ഗണും അടക്കമുള്ള ബോളിവുഡ് സിനിമാ പ്രവർത്തകരുമൊക്കെ കേന്ദ്രത്തെ അനുകൂലിച്ച് രംഗത്തെത്തി. ഇന്ത്യ ടുഗദർ, ഇന്ത്യ എഗൈൻസ്റ്റ് പ്രോപ്പഗണ്ട എന്നീ ഹാഷ്ടാഗുകൾ അടക്കമാണ് ട്വീറ്റ്.
സച്ചിൻ തെണ്ടുൽക്കർ, വിരാട് കോലി, രോഹിത് ശർമ്മ, അജിങ്ക്യ രഹാനെ, ശിഖർ ധവാൻ, ഗൗതം ഗംഭീർ, ഹർദ്ദിക് പാണ്ഡ്യ, സുരേഷ് റെയ്ന, അനിൽ കുംബ്ലെ, പ്രഗ്യാൻ ഓജ തുടങ്ങി നിരവധി ക്രിക്കറ്റ് താരങ്ങളാണ് വിഷയത്തിൽ പ്രതികരിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് റ്റീം പരിശീലകൻ രവി ശാസ്ത്രിയും വിഷയത്തിൽ കേന്ദ്രത്തെ അനുകൂലിച്ചു. കോലി, രഹാനെ, ഹർദ്ദിക്, രോഹിത് എന്നിവർ ഇന്ത്യ ടുഗദർ എന്ന ഹാഷ്‌ടാഗ് മാത്രമാണ് ഉപയോഗിച്ചത്. മറ്റുള്ളവർ രണ്ട് ഹാഷ്ടാഗുകളും ഉപയോഗിച്ചിട്ടുണ്ട്. കർഷകർ രാജ്യത്തിൻ്റെ അവിഭാജ്യ ഘടകമാണെന്നും പരിഹാരം കാണാൻ ഇന്ത്യക്ക് അറിയാമെന്നുമാണ് ട്വീറ്റുകളുടെ സാരാംശം. പുറത്തുനിന്നുള്ളവർ ഇടപെടേണ്ട എന്നും ട്വീറ്റുകളിൽ സൂചിപ്പിക്കുന്നു.
അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, സുനിൽ ഷെട്ടി, കൈലാഷ് ഖേർ, കരൺ ജോഹർ, ലതാ മങ്കേഷ്കർ തുടങ്ങി അഭിനേതാക്കളും സംവിധായകരും ഗായകരും അടങ്ങുന്ന ബോളിവുഡ് സിനിമാ പ്രവർത്തകരാണ് കേന്ദ്രത്തെ പ്രതിരോധിച്ച് ട്വീറ്റ് ചെയ്ത മറ്റു പ്രമുഖർ.
പോപ് ഗായിക റിഹാനയാണ് രാജ്യാന്തര തലത്തിൽ ആദ്യമായി കർഷക സമരങ്ങളെപ്പറ്റി ട്വീറ്റ് ചെയ്തത്. പിന്നീട് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ്, മുൻ പോൺ താരം മിയ ഖലീഫ, അമേരിക്കൻ വൈസ് പ്രസിഡൻ്റ് കമല ഹാരിസിൻ്റെ അനന്തരവൾ മീന ഹാരിസ്, അമേരിക്കൻ വ്ലോഗർ അലാൻഡ കെർണി, യൂട്യൂബർ ലിലി സിംഗ് തുടങ്ങിയവർ പിന്നീട് കർഷകരെ അനുകൂലിച്ച് ട്വീറ്റ് ചെയ്തിരുന്നു.
Story Highlights – sports persons cinema professionals support government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here