Advertisement

എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനം; കേരള വിദ്യാഭ്യാസ ചട്ടത്തില്‍ കൊണ്ടുവന്ന ഭേദഗതിയില്‍ സര്‍ക്കാര്‍ ഇളവ് നല്‍കും

February 4, 2021
Google News 2 minutes Read

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എയ്ഡഡ് സ്‌കൂള്‍ മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍ കീഴടങ്ങി. കേരള വിദ്യാഭ്യാസ ചട്ടത്തില്‍ കൊണ്ടുവന്ന ഭേദഗതിയില്‍ നിന്നും പിന്നോക്കം പോയാണ് എയ്ഡഡ് അധ്യാപക നിയമനത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നത്. ഇതിനായി വിദ്യാഭ്യാസ ചട്ടത്തിലെ വ്യവസ്ഥകളില്‍ ഇളവ് നല്‍കും. കെസിബിസി ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ് മാനേജ്മെന്റുകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

മാനേജ്മെന്റുകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങാതെ കേരള വിദ്യാഭ്യാസ ചട്ടത്തില്‍ കൊണ്ടുവന്ന വ്യവസ്ഥകളിലാണ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സര്‍ക്കാര്‍ ഇളവ് നല്‍കുന്നത്. അധ്യാപക വിദ്യാര്‍ത്ഥി അനുപാതം കുറച്ചതിലൂടെയും കുട്ടികള്‍ കൂടിയതിനെ തുടര്‍ന്ന് എയ്ഡഡ് സ്‌കൂളുകളിലുണ്ടായ തസ്തികകളില്‍ 1:1 എന്ന ക്രമത്തില്‍ നിയമനം നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് കേരള വിദ്യാഭ്യാസചട്ടത്തില്‍ ഭേദഗതി വരുത്തുകയും ചെയ്തു.

രണ്ട് ഒഴിവുകളുണ്ടെങ്കില്‍ ഒരു ഒഴിവില്‍ ജോലി നഷ്ടപ്പെട്ട സംരക്ഷിത അധ്യാപകനെ നിയമിക്കണമെന്നും അടുത്ത ഒഴിവില്‍ മാനേജ്മെന്റിന് നിയമനം നടത്താമെന്നുമായിരുന്നു വ്യവസ്ഥ. എന്നാല്‍ മാനേജ്മെന്റുകള്‍ ഇത് അംഗീകരിച്ചില്ല. തുടര്‍ന്ന് എയ്ഡഡ് സ്‌കൂള്‍ മാനേജ്മെന്റുകള്‍ നടത്തിയ റെഗുലര്‍ നിയമനം ഉള്‍പ്പെടെ ഒരു നിയമനത്തിനും സര്‍ക്കാര്‍ അംഗീകാരം നല്‍കിയില്ല. ഇതോടെ അധ്യാപകര്‍ ശമ്പളമില്ലാതെ പ്രതിസന്ധിയിലായി. ഇതിലുള്ള നിയമപോരാട്ടം സുപ്രിംകോടതിവരെ എത്തിനില്‍ക്കുകയാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മാനേജ്മെന്റുകളുമായി സമവായത്തിന് സര്‍ക്കാര്‍ സന്നദ്ധമാകുകയായിരുന്നു.

കെസിബിസി ഉള്‍പ്പെടെയുള്ള മാനേജ്മെന്റുകളുമായി മുഖ്യമന്ത്രിയും ഇടതുമുന്നണി കണ്‍വീനറും ചര്‍ച്ച നടത്തിയിരുന്നു. എയ്ഡഡ് മാനേജ്മെന്റുകള്‍ നിയമിച്ച നാലായിരത്തോളം നിയമനങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കും. പകരം മൂവായിരത്തോളം ഒഴിവുകളില്‍ മാനേജ്മെന്റുകള്‍ സംരക്ഷിത അധ്യാപകരെ നിയമിക്കും. കേരള വിദ്യാഭ്യാസ ചട്ടത്തില്‍ കൊണ്ടുവന്ന ഭേദഗതിയില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിക്കൊണ്ടാകും നിയമനം അംഗീകരിക്കുക.

Story Highlights – Teacher recruitment in aided schools; government provide relief on Kerala Education Act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here