ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന കേസ്; കൊമേഡിയൻ മുനവ്വർ ഫാറൂഖിയ്ക്ക് ജാമ്യം

Munawar Faruqui Supreme Court

ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന കേസിൽ കൊമേഡിയൻ മുനവ്വർ ഫാറൂഖിയ്ക്ക് ജാമ്യം. സുപ്രിം കോടതിയാണ് ഫാറൂഖിയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. വിഷയത്തിൽ മധ്യപ്രദേശിനു നോട്ടീസ് അയച്ച കോടതി ഉത്തർപ്രദേശിൽ അദ്ദേഹത്തിനെതിരെ പുറപ്പെടുവിച്ച വാറണ്ട് സ്റ്റേ ചെയ്യുകയും ചെയ്തു.

മജിസ്ട്രേറ്റ് ഓർഡർ കൊണ്ടോ വാറൻ്റ് കൊണ്ടോ അല്ലാതെ ഒരാളെ അറസ്റ്റ് ചെയ്യരുതെന്ന് ഇന്ത്യൻ ശിക്ഷാനിയമം 41ആം വകുപ്പിലുണ്ടെന്ന് ഫാറൂഖിയുടെ വക്കീൽ ഗൗരവ് കിർപൽ വാദിച്ചു. ഇത് സമ്മതിച്ചുകൊണ്ടാണ് കോടതിയുടെ നടപടി.

സ്റ്റാൻഡപ്പ് കോമഡിക്കിടെ ഹിന്ദു ദൈവങ്ങളെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അപമാനിച്ചു എന്ന് ആരോപിച്ച് ജനുവരി രണ്ടിനാണ് ബി.ജെ.പി എം.എൽ.എ മാലിനി ഗൗറിന്റെ മകൻ ഏകലവ്യ സിംഗ് ഗൗറിന്റെ പരാതിയിൽ മുനവർ ഫാറൂഖി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലാകുന്നത്. പ്രാദേശിക കോടതി ഇവരെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിടുകയും മദ്ധ്യപ്രദേശ് ഹൈക്കോടതി ജാമ്യം നിഷേധിക്കയും ചെയ്തതോടെയാണ് മുനവ്വർ സുപ്രിംകോടതിയെ സമീപിച്ചത്.

Read Also : ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന കേസ്; കൊമേഡിയൻ മുനവ്വർ ഫാറൂഖിയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രിം കോടതി പരിഗണിക്കും

ജനുവരി 2നാണ് ഗുജറാത്ത് സ്വദേശിയായ മുനവർ ഫാറൂഖി ഉൾപ്പടെ അഞ്ച് പേരെ ഇൻഡോർ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി ഒന്നിന് ഇൻഡോറിലെ ഒരു കഫേയിൽ വച്ച് നടത്തിയ പരിപാടിയിൽ വച്ച് ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും അപമാനിച്ചു എന്നായിരുന്നു പരാതി.

അതേസമയം, ഫാറൂഖി മതവികാരം വ്രണപ്പെടുത്തി എന്ന പരാതി തെളിയിക്കുന്ന വിഡിയോ ദൃശ്യങ്ങൾ ഇല്ലെന്ന് ഇൻഡോർ ടൗൺ ഇൻസ്പെക്ടർ കമലേഷ് ശർമ പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.

Story Highlights – comic Munawar Faruqui Gets Bail From Supreme Court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top