കോണ്‍ഗ്രസിനേയും ഹൈക്കമാന്‍ഡിനെയും വെട്ടിലാക്കി കെ സുധാകരന്‍; പാര്‍ട്ടിക്കുള്ളിലെ ഭിന്നത രൂക്ഷമാകുന്നു

കോണ്‍ഗ്രസിനേയും ഹൈക്കമാന്‍ഡിനെയും ഒരുപോലെ വെട്ടിലാക്കി കെ. സുധാകരന്‍ എംപി. ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേരെടുത്ത് പറഞ്ഞുള്ള സുധാകരന്റെ വിമര്‍ശനം പാര്‍ട്ടിക്കുള്ളിലെ ഭിന്നത കൂടുതല്‍ രൂക്ഷമാക്കുന്നതാണ്. ഗ്രൂപ്പ് പോരിന് അപ്പുറം സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പുതിയ തലത്തിലേക്ക് പോകുന്നതില്‍ കേന്ദ്ര നേതൃത്വവും അതൃപ്തിയിലാണ്.
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് തന്നെ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരുന്നു. എന്നാല്‍ തര്‍ക്കങ്ങള്‍ പുതിയ തലങ്ങളിലേക്ക് വികസിക്കുന്നത് കേന്ദ്ര നേതൃത്വത്തിന്റെ തലവേദന ഇരട്ടിയാക്കുകയാണ്. മുഖ്യമന്ത്രിക്കെതിരായ കെ. സുധാകരന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിക്കുന്നത് പാര്‍ട്ടിക്കുണ്ടാക്കിയ ക്ഷീണം ചെറുതല്ല. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷ നേതാവിന്റെ കേരള യാത്രക്കിടെയുള്ള പരസ്പര പോര്‍വിളിയില്‍ മറ്റു നേതാക്കളും രണ്ടു തട്ടിലാണ്. മുഖ്യമന്ത്രിക്കെതിരെയുള്ള വിമര്‍ശനം സഹിക്കാന്‍ കഴിയാത്തവരാണോ കോണ്‍ഗ്രസില്‍ ഉള്ളവരെന്നാണ് കെ. സുധാകരന്റെ ചോദ്യം. പ്രതിപക്ഷ നേതാവിനെതിരെയും കടുത്ത വിമര്‍ശനമാണ് കെ. സുധാകരന്‍ ഉന്നയിക്കുന്നത്.
താന്‍ കെപിസിസി പ്രസിഡന്റ് ആകുന്നത് തടയാന്‍ പാര്‍ട്ടിക്കുള്ളില്‍ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും കെ. സുധാകരന്‍ പറയുന്നു. വിമര്‍ശകരെ തൃപ്തിപ്പെടുത്താന്‍ താന്‍ ശൈലി മാറ്റില്ലെന്നും വ്യക്തമാക്കുന്നു. ഡല്‍ഹിയില്‍ തുടരുന്ന സുധാകരന്‍, വിഷയത്തില്‍ കേന്ദ്ര നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയേക്കും. കോണ്‍ഗ്രസിലെ പുതിയ തര്‍ക്കങ്ങളില്‍ യുഡിഎഫിലെ ഘടകക്ഷികളും അതൃപ്തരാണ്.
Story Highlights – K Sudhakaran, Congress and High Command
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here