കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപക നിയമനം: സംവരണക്രമം വ്യക്തമാക്കുന്ന രേഖ പുറത്തുവിടണമെന്ന് ആവശ്യം

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലേക്കുള്ള അധ്യാപക നിയമനങ്ങളിലെ സംവരണക്രമം വ്യക്തമാക്കുന്ന രേഖ പുറത്ത് വിടണമെന്ന് ആവശ്യപെട്ട് ഗവര്‍ണര്‍ക്ക് പരാതി. സിന്‍ഡിക്കേറ്റ് അംഗം ഡോ.പി. റഷീദ് അഹമ്മദാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ സമീപിച്ചത്.

16 പഠനവകുപ്പുകളില്‍ 36 അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിച്ചത് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും മറികടന്നാണെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ നിയമന അംഗീകാരം നല്‍കിയെങ്കിലും ഏതെല്ലാമാണ് സംവരണ തസ്തികകള്‍ എന്നു വ്യക്തമാക്കുന്ന റിസര്‍വേഷന്‍ റോസ്റ്റര്‍ സിന്‍ഡിക്കേറ്റംഗങ്ങള്‍ക്കുപോലും വിതരണം ചെയ്തില്ലെന്നും റോസ്റ്ററില്‍ തിരിമറി നടത്തി സ്വന്തക്കാര്‍ക്ക് നിയമനം നല്‍കാനാണ് ശ്രമമെന്നും സിന്‍ഡിക്കേറ്റംഗം ഡോ.പി. റഷീദ് അഹമ്മദ് ആരോപിച്ചു.

അതിനിടെ എസ്‌സി, എസ്ടി, ഭിന്നശേഷി വിഭാഗങ്ങള്‍, മറ്റു സംവരണവിഭാഗങ്ങള്‍ എന്നിവരുടെ ബാക്ക്ലോഗ് നികത്താന്‍ സര്‍വകലാശാല തയാറായിട്ടില്ലെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ബാക്ക് ലോഗ് നികത്താന്‍ യുജിസി നിരന്തരം ആവശ്യപ്പെട്ടിട്ടും അത് മുഖവിലക്കെടുക്കാന്‍ സര്‍വകലാശാല തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ചട്ടങ്ങള്‍ ലംഘിച്ചു നടത്തിയ അധ്യാപക നിയമനം റദ്ദാക്കണമെന്ന് ഡോ. റഷീദ് അഹമ്മദ് ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

Story Highlights – Calicut University Teachers Appointment

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top