ഡൽഹിയിൽ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു

കർഷക പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ഒരു കർഷകൻ കൂടി ഡൽഹിയിൽ ആത്മഹത്യ ചെയ്തു. തിക്രി അതിർത്തിയിലാണ് 52 വയസ്സുകാരനായ കരംവീർ സിംഗ് ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തിന് മൂന്ന് പെണ്മക്കളാണ് ഉള്ളത്. മൃതദേഹത്തിനരികെ നിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.
ഞായറാഴ്ച പുലർച്ചെ ബസ് സ്റ്റാൻഡിനരികെയുള്ള ഒരു മരത്തിലാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. ഒരു പ്ലാസ്റ്റിക് കയർ ഉപയോഗിച്ചായിരുന്നു ആത്മഹത്യ.
Read Also : ആവശ്യങ്ങൾ അംഗീകരിക്കാതെ മടങ്ങില്ല: കർഷക നേതാവ് രാകേഷ് ടിക്കായത്ത്
‘ഭാരതീയ കിസാൻ യൂണിയൻ സിന്ദാബാദ്. തിയതികൾക്ക് പിന്നാലെ തിയതികൾ മാത്രമാണ് സർക്കാർ നൽകുന്നത്. എപ്പോഴാണ് ഈ കരിനിയമം മാറുക എന്ന് അറിയില്ല.’- ആത്മഹത്യാ കുറിപ്പിൽ കരംവീർ എഴുതി.
നിലവിൽ ശരീരം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചിരിക്കുകയാണ്.
അതേസമയം, തങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രം പൂർണമായി അംഗീകരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചിരുന്നു. റോഡ് ഉപരോധത്തിനു ശേഷം കർഷകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബർ 2 വരെ ഈ പ്രതിഷേധം തുടരുമെന്നും അതുവരെ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ മറ്റ് സമരപരിപാടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights – Farmer hangs self near Tikri border, leaves suicide note
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here