പി.ടി തോമസിനെ തൃക്കാക്കരയിൽ മത്സരിപ്പിക്കരുത്; നേതൃത്വത്തിന് കത്തയച്ച് കോൺഗ്രസ് പ്രാദേശിക നേതാക്കൾ

നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് ചർച്ചകൾക്ക് മുൻപേ പി.ടി തോമസ് എംഎൽഎയ്‌ക്കെതിരെ കോൺഗ്രസിൽ പടയൊരുക്കം. പി.ടി തോമസിനെ തൃക്കാക്കരയിൽ മത്സരിപ്പിക്കരുതെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് ജില്ലാ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ എഐസിസിക്കും കെപിസിസിക്കും പരാതി നൽകി.
സിറ്റിംഗ് എംഎൽഎ പി.ടി തോമസിനെ കോൺഗ്രസിന്റെ ഉറച്ചകോട്ടയായ തൃക്കാക്കരയിൽ മത്സരിപ്പിച്ചാൽ വൻ തിരിച്ചടിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ജില്ലാ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ എഐസിസിക്കും കെപിസിസിക്കും പരാതി നൽകിയത്. മണ്ഡലത്തിലെ വികസന പ്രവർത്തനത്തിൽ എംഎൽഎ പൂർണ പരാജയമാണ്. പാർട്ടി നേതാക്കളുമായി എംഎൽഎ സഹകരിക്കുന്നില്ല. പ്രാദേശിക പാർട്ടി പ്രവർത്തകരെ അവഗണിക്കുന്നു. വിവിധ മതവിഭാഗങ്ങൾക്ക് പി.ടി തോമസിനോട് എതിർപ്പ് ശക്തമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തുടർച്ചയായി ഇറക്കുമതി സ്ഥാനാർത്ഥികളെയാണ് ഇവിടെ മത്സരിപ്പിക്കുന്നത്. ഈ മണ്ഡലത്തിലുള്ളവരെ തന്നെ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാക്കണമെന്നും കോൺഗ്രസ് പ്രാദേശിക നേതാക്കൾ ആവശ്യപ്പെടുന്നു. അതേസമയം തൃക്കാക്കരയിലെ പ്രാദേശിക നേതാക്കൾ ആരും പരാതി കൊടുത്തിട്ടില്ലെന്ന് പറഞ്ഞ പി.ടി തോമസ് പരാതി കൊടുത്തവർ പരസ്യമായി രംഗത്തുവരണമെന്നും ആവശ്യപ്പെട്ടു. തൃക്കാക്കരയിൽ മത്സരിക്കാനാണ് തനിക്ക് താത്പര്യമെന്നും പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും പി.ടി തോമസ് വ്യക്തമാക്കി.
Story Highlights – P T Thomas, Thrikkakkara, Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here