Advertisement

മലപ്പുറത്തെ സ്‌കൂളുകളിലെ കൊവിഡ് വ്യാപനം: പൊന്നാനി താലൂക്കിൽ അതീവ ജാഗ്രത

February 8, 2021
Google News 1 minute Read

മലപ്പുറത്തെ സ്‌കൂളുകളിലെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പൊന്നാനി താലൂക്കിൽ അതീവ ജാഗ്രത. രോഗവ്യാപനം സംഭവിച്ച സ്‌കൂളിലും പരിസര പ്രദേശങ്ങളിലും ആർ.ടി.പി.സി.ആർ പരിശോധന നടത്താൻ തീരുമാനിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ പറഞ്ഞു.

പെരുമ്പടപ്പ് വന്നേരി സ്‌കൂളിലും, മാറഞ്ചേരി മുക്കാല സ്‌കൂളിലുമാണ് രോഗ വ്യാപനം. രണ്ട് സ്‌കൂളുകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താത്ക്കാലികമായി അടച്ചു. ഇരു സ്‌കൂളുകളിലെയും അധ്യാപകരും വിദ്യാർത്ഥികളുമടക്കം 262 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അടിയന്തര സാഹചര്യം കണക്കിൽ എടുത്ത് പൊന്നാനിയിൽ കളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. രോഗവ്യാപനം കണക്കിലെടുത്ത് പൊന്നാനി താലൂക്കിലെ മുഴുവൻ ടർഫുകളും അടക്കാൻ കളക്ടർ നിർദേശം നൽകി. രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥികൾ എത്തിയ താലൂക്കിലെ ട്യൂഷൻ സെന്ററുകളിൽ പരിശോധന നടത്താനും യോഗത്തിൽ തീരുമാനമായി. താലൂക്ക് പരിധിയിൽ ഗുരുതര സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും മറ്റ് കുട്ടികൾക്ക് രോഗം പകരാതിരിക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് സ്വീകരിച്ചെന്നും സ്പീക്കർ പി. ശ്രീരാമകൃഷണൻ പറഞ്ഞു.

രണ്ട് സ്‌കൂളിലും കഴിഞ്ഞ 25 മുതലാണ് ക്ലാസ് ആരംഭിച്ചത്. നിലവിൽ കൊവിഡ് പോസിറ്റീവായവരോടും അവരുമായി സമ്പർക്കമുള്ളവരോടും ഹോം ക്വാറന്റീനിൽ പ്രവേശിക്കാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു. ഇരു സ്‌കൂളുകളിലെയും ഹയർസെക്കൻഡറി വിഭാഗത്തിലെ വിദ്യാർത്ഥികളെയും മറ്റു ജീവനക്കാരെയും നാളെ മുതൽ പരിശോധനക്ക് വിധേയമാക്കും.

Story Highlights – Covid 19, Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here