കേരളത്തിൽ മറ്റു മതക്കാർക്ക് ലഭിക്കുന്ന അവകാശങ്ങൾ ഹിന്ദുക്കൾക്ക് ലഭിക്കുന്നില്ല: കെ സുരേന്ദ്രൻ

കേരളത്തിൽ മറ്റു മതക്കാർക്ക് ലഭിക്കുന്ന അവകാശങ്ങൾ ഹിന്ദുക്കൾക്ക് ലഭിക്കുന്നില്ല എന്ന ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. മുസ്ലിം ദേവാലയങ്ങൾ ഭരിക്കാനുള്ള അവകാശം മുസ്ലിംങ്ങൾക്കാണ്. ക്രൈസ്തവ ദേവാലയങ്ങൾ ഭരിക്കുന്നത് ക്രിസ്ത്യാനികളാണ്. പക്ഷേ, ക്ഷേത്രങ്ങൾ ഭരിക്കാൻ ഹിന്ദുക്കൾക്ക് അവകാശമില്ലാത്തത് എന്തുകൊണ്ടാണെന്നും സുരേന്ദ്രൻ ചോദിച്ചു. തൃശ്ശൂർ ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് സുരേന്ദ്രൻ്റെ ആരോപണം.
ശബരിമലയിലെ ആചാരാനുഷ്ടാനങ്ങൾ തീരുമാനിക്കാനുള്ള അവകാശം കോടതിക്ക് നൽകിയത് സംസ്ഥാന സർക്കാരാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. മറ്റു മതക്കാരുടെ ആരാധനാലയങ്ങൾ ഭരിക്കാനോ ആചാരങ്ങളിൽ ഇടപെടാനോ സർക്കാർ ശ്രമിക്കാത്തത് എന്താണ്? ഹിന്ദു ആരാധനാലയങ്ങളുടെ ഭൂമി മാത്രം സർക്കാർ ഏറ്റെടുക്കുന്നത് എന്തുകൊണ്ടാണ്? വിധവ പെൻഷൻ കൊടുക്കുന്നതിൽ പോലും മതം നോക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Read Also : ബിജെപി അധികാരത്തിലെത്തിയാൽ കേരളത്തിൽ ലവ് ജിഹാദ് നിയമം കൊണ്ടുവരും: കെ സുരേന്ദ്രൻ
ഇന്ത്യൻ സമൂഹത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദം പ്രായോഗികമല്ലെന്ന സിപിഐഎം കേന്ദ്ര കമ്മറ്റിയംഗം എംവി ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവയെയും സുരേന്ദ്രൻ വിമർശിച്ചു. അടിസ്ഥാന പ്രമാണം കാലഹരണപ്പെട്ടതാണെങ്കിൽ പാർട്ടി പിരിച്ചുവിട്ട് നേതാക്കൾ കാശിക്ക് പോകണം എന്നും സുരേന്ദ്രൻ പറഞ്ഞു.
ബിജെപി അധികാരത്തിലെത്തിയാൽ ഉത്തർ പ്രദേശ് മാതൃകയിൽ സംസ്ഥാനത്തും ലവ് ജിഹാദ് നിയമം കൊണ്ടുവരുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. ക്രൈസ്‌തവ- ഹിന്ദു മതവിഭാഗങ്ങൾ വർഷങ്ങളായി ലവ് ജിഹാദിനെ ഭയപ്പെട്ടാണ് കഴിയുന്നത്. കേരളത്തിൽ ഭക്ഷണത്തെ വരെ വർഗീയവത്കരിക്കുകയാണ്. ആദ്യം വസ്ത്രത്തിലായിരുന്നു മതവത്കരണമെങ്കിൽ ഹലാൽ ഭക്ഷണശാലകളാണിപ്പോൾ. ഹലാൽ ഭക്ഷണം മതതീവ്രവാദികളുടേതാണ്. രണ്ടു വിഷയങ്ങളിലും എൽഡിഎഫിന്റെയും യുഡിഎഫിന്റെയും നിലപാട് വ്യക്തമാക്കണം എന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Story Highlights – Hindus do not get the same rights as other religions in Kerala: K Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here