Advertisement

ഇന്ത്യ 192 റൺസിനു പുറത്ത്; ഇംഗ്ലണ്ടിന് കൂറ്റൻ ജയം

February 9, 2021
1 minute Read
england won india test

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് കൂറ്റൻ ജയം. 227 റൺസിനാണ് ഇംഗ്ലണ്ട് ആതിഥേയരെ കെട്ടുകെട്ടിച്ചത്. 420 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 192 റൺസിനു പുറത്താവുകയായിരുന്നു. ജാക്ക് ലീച്ച് നാല് വിക്കറ്റ് വീഴ്ത്തി. ജെയിംസ് ആൻഡേഴ്സണ് മൂന്ന് വിക്കറ്റുണ്ട്. 72 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ശുഭ്മൻ ഗിൽ 50 റൺസ് നേടി.

ഒരു വിക്കറ്റ് നഷ്ടത്തിൽ 39 റൺസ് എന്ന നിലയിലാണ് ഇന്ത്യ അഞ്ചാം ദിവസം ബാറ്റിംഗ് ആരംഭിച്ചത്. ഏറെ വൈകാതെ പൂജാര പുറത്തായി. 15 റൺസ് നേടിയ താരം ജാക്ക് ലീച്ചിൻ്റെ പന്തിൽ ബെൻ സ്റ്റോക്സിനു പിടിനൽകി മടങ്ങുകയായിരുന്നു. മൂന്നാം വിക്കറ്റിൽ കോലിയും ഗില്ലും ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സിനെ താങ്ങിനിർത്താൻ ശ്രമിച്ചു. എന്നാൽ, ഫിഫ്റ്റി അടിച്ചതിനു പിന്നാലെ ഗിൽ മടങ്ങി. യുവതാരത്തെ ജെയിംസ് ആൻഡേഴ്സൺ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. രഹാനെ (0) വേഗം മടങ്ങി. അദ്ദേഹത്തെയും ആൻഡേഴ്സൺ ബൗൾഡാക്കുകയായിരുന്നു. ഋഷഭ് പന്ത് (11) ആൻഡേഴ്സണിൻ്റെ പന്തിൽ ജോ റൂട്ടിനു പിടികൊടുത്ത് മടങ്ങി. വാഷിംഗ്ടൺ സുന്ദർ (0) ഡോം ബെസിൻ്റെ പന്തിൽ ജോസ് ബട്‌ലർ പിടിച്ച് പുറത്തായി.

ഏഴാം വിക്കറ്റിൽ അശ്വിനെ കൂട്ടുപിടിച്ച് കോലി രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചു. ഇതിനിടെ ഇന്ത്യൻ താരം തൻ്റെ ഫിഫ്റ്റിയും കുറിച്ചു. എന്നാൽ, 54 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ അശ്വിൻ പുറത്തായി. അശ്വിനെ ജാക്ക് ലീച്ച് ജോസ് ബട്‌ലറുടെ കൈകളിൽ എത്തിക്കുകയായിരുന്നു. വിരാട് കോലിയെ സ്റ്റോക്സ് ബൗൾഡ് ആക്കിയതോടെ ഇന്ത്യ തോൽവി ഉറപ്പിച്ചു. ബുംറയെ (4) ബട്‌ലറുടെ കൈകളിൽ എത്തിച്ച ആർച്ചർ ഇംഗ്ലണ്ടിൻ്റെ ജയം ഉറപ്പിച്ചു.

Story Highlights – england won against india in first test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top