കാലടി സര്‍വകലാശാല നിയമന വിവാദം; വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല നിയമന വിവാദത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ അടാട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് റിപ്പോര്‍ട്ട് നല്‍കി. നിയമനങ്ങളില്‍ അപാകതകള്‍ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. യുജിസി നിയമങ്ങള്‍ പാലിച്ചാണ് നിയമനം നടത്തിയിരിക്കുന്നത്. ഇപ്പോഴുള്ള വിവാദങ്ങള്‍ കഴമ്പില്ലാത്തതാണെന്നും റിപ്പോര്‍ട്ട്.
നിയമന വിവാദവുമായി ബന്ധപ്പെട്ട് സര്‍വകലാശാല പുറത്തിറക്കിയ പ്രസ്താവനയുമായി ചേര്‍ത്തുവയ്ക്കുന്നതാണ് റിപ്പോര്‍ട്ടെന്ന സൂചന വിസി നല്‍കിയിരുന്നു. നിനിത കണിച്ചേരിയുടെ നിയമനവുമായി ബന്ധപ്പെട്ട് വിവാദമില്ലെന്നും യുജിസി ചട്ടങ്ങള്‍ കൃത്യമായി പാലിച്ചാണ് നിയമനം നല്‍കിയതെന്നുമായിരുന്നു സര്‍വകലാശാലയുടെ വിശദീകരണം. അതിനിടെ നിയമന വിവാദവുമായി ബന്ധപ്പെട്ട പരാതിയില്‍ നിന്ന് ഡോ. ടി. പവിത്രന്‍ പിന്മാറിയെന്ന വിവരവും വൈസ് ചാന്‍സലര്‍ പങ്കുവച്ചു.
മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മൂന്നാം റാങ്ക് നേടിയ വി ഹിക്മത്തുള്ള, സേവ് യൂണിവേഴ്സിറ്റി ഫോറം എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വൈസ് ചാന്‍സലര്‍ ധര്‍മരാജ് അടാട്ടില്‍ നിന്ന് വിശദീകരണം തേടിയത്. റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് നിയമനം നല്‍കിയെന്നാണ് ഗവര്‍ണര്‍ക്ക് ലഭിച്ച പരാതി.
Story Highlights – kalady university, governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here