ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ഫണ്ട് പിരിവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് ഐഎന്‍എല്‍

ആരാധനാലയങ്ങളും പുണ്യ സ്ഥലങ്ങളും കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ഫണ്ട് പിരിവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. കത്വ ഫണ്ട് അടക്കം മുസ്ലിം ലീഗും പോഷക ഘടകങ്ങളും പിരിക്കുന്ന ഫണ്ടുകളെ കുറിച്ച് സമഗ്രഹ അന്വേഷണം നടത്തി വെട്ടിപ്പിനും അഴിമതിക്കും നേതൃത്വം കൊടുത്തവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. ഗുജറാത്ത്, ഭഗല്‍പൂര്‍, സുനാമി, പ്രളയം, കത്വ, ഉന്നാവോ എന്നിവയുടെ പേരില്‍ നാട്ടില്‍ നിന്നും മറുനാട്ടില്‍ നിന്നുമായി സംഭരിച്ച അനേകം കോടികളുടെ ഫണ്ട് ലീഗ് നേതൃത്വം വീതം വച്ചെടുത്തിയിരിക്കയാണ്. ഇവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്നും ആവശ്യം.
സമുദായ ചൂഷണത്തിന് ആരാധനാലയങ്ങള്‍ മറയാക്കുന്ന ശൈലി ഇനിയും തുടരാന്‍ അനുവദിച്ചുകൂടായെന്നും എറണാകുളത്ത് ചേര്‍ന്ന ഐഎന്‍എല്‍ വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രമേയത്തിലൂടെ വ്യക്തമാക്കി. സൗദിയിലേക്ക് പുറപ്പെട്ട് യുഎഇയില്‍ കുടുങ്ങിയ അനേകം മലയാളികളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും ഈ വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സര്‍ക്കാരിന്മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും ഐഎന്‍എല്‍ ആവശ്യപ്പെട്ടു.
മാര്‍ച്ച് രണ്ടിന് തിരുവനന്തപുരത്ത് ‘സേവ് ഇന്ത്യ’ റാലിയുടെ ഫ്‌ളാഗ് ഓഫ് നടക്കും. പാര്‍ട്ടി അംഗത്വ കാമ്പയിന് ചടങ്ങില്‍ തുടക്കം കുറിക്കും. ഫെബ്രുവരി 13ന് തുടങ്ങുന്ന എല്‍ഡിഎഫ് ‘വികസന മുന്നേറ്റ യാത്ര’ വന്‍ വിജയമാക്കാന്‍ തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്ര വര്‍ഗീയ-വിഭാഗീയ വിഷം വമിച്ചാണ് കടന്നുപോകുന്നതെന്നും ഇതുപോലെ ആശയപരമായ പാപ്പരത്തം നേരിടുന്ന ഒരു പ്രതിപക്ഷ നിരയെ കേരളം കണ്ടിട്ടില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
Story Highlights – inl, muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here