എൻസിപിയുടെ കാര്യങ്ങൾ വ്യക്തമാക്കേണ്ടത് ടിപി പീതാംബരൻ : മുഖ്യമന്ത്രി

എൻസിപിയുടെ കാര്യങ്ങൾ വ്യക്തമാക്കേണ്ടത് ടിപി പീതാംബരൻ മാസ്റ്ററാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് എന്ന നിലയിൽ മുന്നണി ഭദ്രമായി പോകുന്നുണ്ട്. പ്രഭുൽപട്ടേൽ തന്നെ വിളിച്ചിരുന്നുവെന്നും അദ്ദേഹം ഇങ്ങോട്ട് വരുന്നതിനെ സ്വാഗതം ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുന്നണി വിടുന്ന കാര്യത്തിൽ വെള്ളിയാഴ്ച നിലപാട് വ്യക്തമാക്കുമെന്ന കാപ്പന്റെ പ്രതികരണത്തോട്
വെള്ളിയാഴ്ച വരട്ടെ എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
പാർട്ടിയിൽ സീറ്റ് വിഭജന ചർച്ചകൾ നടന്നിട്ടില്ല. കഴിഞ്ഞ തെരെഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ട് കക്ഷികൾ അധികം മുന്നണിയിൽ ഉണ്ട്. പുതുതായി വരുന്നവർക്ക് സീറ്റ് വിട്ടു നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജോസ് കെ മാണി എൽഡിഎഫിൽ എത്തിയതിന് പിന്നാലെ പാലാ സീറ്റിനെ ചൊല്ലി ഉണ്ടായ പ്രശ്നങ്ങളാണ് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായത്. പാലാ സീറ്റ് വിട്ടു നൽകാൻ കഴിയില്ലെന്ന നിലപാടിൽ മാണി. സി. കാപ്പൻ ഉറച്ചു നിന്നു. പാലാ സീറ്റ് നൽകാൻ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കി എൻസിപി സംസ്ഥാന അധ്യക്ഷൻ ടി. പി പീതാംബരൻ മാസ്റ്ററും രംഗത്തെത്തി. വിഷയത്തിൽ ദേശീയ അധ്യക്ഷൻ ശരദ് പവാറും ഇടപെട്ടു. അതിനിടെ മാണി. സി. കാപ്പൻ യുഡിഎഫിലേയ്ക്ക് പോകുമെന്ന അഭ്യൂഹങ്ങളും ഉയർന്നു. ഡൽഹിയിൽ ശരദ് പവാറുമായി മാണി. സി. കാപ്പൻ ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കെ പാലാ സീറ്റ് നൽകാൻ കഴിയില്ലെന്ന നിലപാട് എൽഡിഎഫ്, എൻസിപിയെ ഔദ്യോഗികമായി അറിയിച്ചു. മാണി. സി. കാപ്പനോട് കുട്ടനാട് സീറ്റിൽ മത്സരിക്കാനും എൽഡിഎഫ് നിർദേശിച്ചു. പാലാ ഒഴികെയുള്ള മൂന്ന് സീറ്റ് എൻസിപിക്ക് നൽകാമെന്നും കേന്ദ്ര നേതാക്കളെ അറിയിച്ചു. ഇതിനിടെരമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും മാണി സി കാപ്പനെ യുഡിഎഫിലേക്ക് ക്ഷണിച്ചു. ഇതിന് പിന്നാലെ എൽഡിഎഫ് വിടുന്ന കാര്യത്തിൽ വെള്ളിയാഴ്ച പ്രതികരണമറിയിക്കുമെന്ന് മാണി സി കാപ്പൻ വ്യക്തമാക്കുകയായിരുന്നു.
Story Highlights – peethambaran master should decide about ncp says cm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here