പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും

ഔദ്യോഗിക പരിപാടികളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും. ബിപിസിഎല്ലിന്റെ പുതിയ പെട്രോ കെമിക്കല്‍ പ്ലാന്റ് രാജ്യത്തിനു സമര്‍പ്പിക്കുന്നതുള്‍പ്പെടെ അഞ്ച് ഔദ്യോഗിക പരിപാടികളാണ് പ്രധാനമന്ത്രിക്കുള്ളത്. ബിജെപി കോര്‍കമ്മിറ്റി യോഗത്തിലും നരേന്ദ്രമോദി പങ്കെടുത്തേക്കും.
സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2.45ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി എത്തും. തുടര്‍ന്ന് ഔദ്യോഗിക പരിപാടികള്‍ ക്രമീകരിച്ചിട്ടുള്ള അമ്പലമുകള്‍ വിഎച്ച്എസ്ഇ സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് പോകും. 6000 കോടി ചെലവിട്ട് കൊച്ചി റിഫൈനറിയില്‍ നടപ്പാക്കുന്ന പ്രൊപ്പലീന്‍ ഡെറിവേറ്റീവ്‌സ് പെട്രോകെമിക്കല്‍ പ്രോജക്ട്, എറണാകുളം വാര്‍ഫില്‍ 25.72 കോടി ചെലവില്‍ കൊച്ചി തുറമുഖ ട്രസ്റ്റ് നിര്‍മിച്ച അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനല്‍, ഷിപ്‌യാര്‍ഡ് പരിശീലന കേന്ദ്രമായ വിജ്ഞാന്‍ സാഗര്‍ കാമ്പസിലെ പുതിയ മന്ദിരം, കൊച്ചി തുറമുഖത്ത് നവീകരിച്ച കോള്‍ ബെര്‍ത്ത് എന്നിവയുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രിക്ക് നിശ്ചയിച്ചിരിക്കുന്ന പരിപാടികള്‍.
പ്രധാനമന്ത്രിയുടെ സൗകര്യവും കൊവിഡ് മാനദണ്ഡങ്ങളും കണക്കിലെടുത്ത് റിഫൈനറി പരിസരത്ത് ഒരുക്കുന്ന ഒറ്റ ചടങ്ങിലാകും എല്ലാ പദ്ധതികളുടെയും ഉദ്ഘാടനം. രാവിലെ ചെന്നൈയിലെ പരിപാടികള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നത്. അതേസമയം കൊച്ചിയില്‍ ബിജെപി കോര്‍കമ്മിറ്റി യോഗത്തിലും നരേന്ദ്രമോദി പങ്കെടുത്തേക്കുമെന്നും വിവരമുണ്ട്. നേതാക്കളോട് കൊച്ചിയിലെത്താന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. പരിപാടികള്‍ പൂര്‍ത്തിയാക്കി വൈകിട്ട് 5.55ന് പ്രധാനമന്ത്രി തിരികെ പോകും.
Story Highlights – Prime Minister Narendra Modi will arrive in Kochi tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here