ഏഴാം വിക്കറ്റിൽ അശ്വിൻ-കോലി രക്ഷാപ്രവർത്തനം; ഇന്ത്യയുടെ ലീഡ് 350 കടന്നു

india wickets 156 england

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ ലീഡ് 350 കടന്നു. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഏഴാം വിക്കറ്റിൽ വിരാട് കോലിയും ആർ അശ്വിനും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയെ മികച്ച ലീഡിൽ എത്തിച്ചത്. ഇരുവരും ചേർന്ന് അപരാജിതമായ 50 റൺസ് ഇതുവരെ കൂട്ടിച്ചേർത്തിട്ടുണ്ട്. കോലി (38), അശ്വിൻ (34) എന്നിവർ ക്രീസിൽ തുടരുകയാണ്.

കളി തുടങ്ങി ഏറെ വൈകാതെ തന്നെ ഇന്ത്യക്ക് പൂജാരയെ നഷ്ടമായി. 7 റൺസെടുത്ത പൂജാര ദൗർഭാഗ്യകരമായി റണ്ണൗട്ടാവുകയായിരുന്നു. രോഹിത് ശർമ്മയും (26) വേഗത്തിൽ പുറത്തായി. രോഹിതിനെ ജാക്ക് ലീച്ചിൻ്റെ പന്തിൽ ബെൻ ഫോക്സ് ഉജ്ജ്വലമായി സ്റ്റമ്പ് ചെയ്യുകയായിരുന്നു. ഋഷഭ് പന്തിനെയും (8) ലീച്ച്-ഫോക്സ് സഖ്യം പുറത്താക്കി. അജിങ്ക്യ രഹാനയെ (10) മൊയീൻ അലി ഒലി പോപ്പിൻ്റെ കൈകളിൽ എത്തിച്ചു. അക്സർ പട്ടേലിനെ (7) മൊയീൻ വിക്കറ്റിനു മുന്നിൽ കുരുക്കി.

6 വിക്കറ്റ് നഷ്ടത്തിൽ 106 എന്ന നിലയിൽ വൻ തകർച്ച മുന്നിൽ കണ്ട ഇന്ത്യയെ അശ്വിനും കോലിയും ചേർന്ന് കരകയറ്റുകയായിരുന്നു. മറ്റെല്ലാ ബാറ്റ്സ്മാന്മാരും പതറിയ പിച്ചിൽ അശ്വിൻ ഏകദിന ശൈലിയിലാണ് ബാറ്റ് ചെയ്തത്. 38 പന്തുകൾ നേരിട്ട അശ്വിൻ 5 ബൗണ്ടറികൾ സഹിതമാണ് 34 റൺസ് നേടിയത്. രണ്ടര ദിവസം ശേഷിക്കെ 400നോട് അടുത്ത് ലീഡ് എടുത്ത് ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയക്കുകയാവും ഇന്ത്യയുടെ ശ്രമം.

Story Highlights – india lost 6 wickets for 156 against england

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top