Advertisement

മാണി സി. കാപ്പന്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ എന്‍സിപിയില്‍ ഭിന്നത രൂക്ഷമാകുന്നു

February 18, 2021
Google News 1 minute Read

മാണി സി. കാപ്പന്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ എന്‍സിപിയില്‍ ഭിന്നത രൂക്ഷമാകുന്നു. കോട്ടയത്ത് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ നിന്ന് ടി.പി. പീതാംബരന്‍ വിട്ടുനിന്നു. മാണി സി. കാപ്പനോട് മൃദുസമീപനം പുലര്‍ത്തുന്നതിന്റെ പേരില്‍ സംസ്ഥാന അധ്യക്ഷനെ മാറ്റാന്‍ ശശീന്ദ്രന്‍ പക്ഷം നീക്കം ആരംഭിച്ചിരുന്നു. ഇതോടെയാണ് വിയോജിപ്പുകള്‍ പരസ്യമാകുന്നത്.

യുഡിഎഫിന്റെ ഭാഗമായ ശേഷവും മാണി സി. കാപ്പനെ തള്ളിപ്പറയാന്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ തയാറായിരുന്നില്ല. കാപ്പനോട് ചെയ്തത് നീതികേടെന്ന ധ്വനിയില്‍ പ്രതികരിച്ച ടി.പി. പീതാംബരന്‍ പാലായില്‍ പാര്‍ട്ടിക്ക് ശക്തി കുറഞ്ഞെന്നും പ്രതികരിച്ചിരുന്നു. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി മാണി സി. കാപ്പനെ അയോഗ്യത ഭീഷണിയില്‍നിന്ന് ഒഴിവാക്കാന്‍ പീതാംബരന്‍ ഇടപെടല്‍ നടത്തിയെന്നാണ് കാപ്പന്‍ വിരുദ്ധ വിഭാഗത്തിന്റെ നിഗമനം. ഇത് ചൂണ്ടിക്കാട്ടി 22 ന് എറണാകുളത്ത് ചേരുന്ന ഭാരവാഹി യോഗത്തില്‍ സംസ്ഥാന അധ്യക്ഷനെ മാറ്റണമെന്ന ആവശ്യം ഉന്നയിക്കാന്‍ ആണ് ശശീന്ദ്രന്‍ വിഭാഗത്തിന്റെ ആലോചന. ഈ പശ്ചാത്തലത്തിലാണ് കോട്ടയത്ത് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ നിന്നാണ് ടി. പി. പീതാംബരന്‍ വിട്ടുനിന്നത്. വിട്ടുനില്‍ക്കല്‍ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണെന്ന് ജില്ലാ നേതാക്കള്‍ വിശദീകരിച്ചു.

ഇതിനിടെ പാലായിലെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫ് അംഗീകരിച്ചതോടെ ജോസഫ് വിഭാഗവുമായി ചേര്‍ന്ന് മാണി സി. കാപ്പന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പാലായിലേത് അഭിമാന പോരാട്ടമായി കണ്ട് കാപ്പന്റെ വിജയത്തിനായി യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമ്പോഴും, ഇടതുമുന്നണിയുടെ ഭാഗമായ ഔദ്യോഗിക എന്‍സിപിയില്‍ പൊട്ടിത്തെറിക്കുള്ള സാധ്യതകള്‍ അവസാനിക്കുന്നില്ല.

Story Highlights – Mani c. kappan – ncp – split

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here