ആഴക്കടല്‍ മത്സ്യബന്ധന കരാര്‍; ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് രമേശ് ചെന്നിത്തല

ramesh chennithala

ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ചും അന്വേഷണത്തിന് സര്‍ക്കാരിനെ വെല്ലുവിളിച്ചും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസി പ്രതിനിധിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു. ഇഎംസിസിയും സര്‍ക്കാരും തമ്മില്‍ ഒപ്പിട്ട ധാരണാപത്രത്തിന്റെ പകര്‍പ്പുള്‍പ്പെടെ രണ്ട് രേഖകളും പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു.

മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ കമ്പനി അധികൃതരുമായി ന്യൂയോര്‍ക്കിലും നാട്ടിലും വച്ച് ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണത്തില്‍ വൈരുദ്ധ്യമുണ്ട്. പലതും മറച്ചു വയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും ചെന്നിത്തല.

Read Also : അമേരിക്കന്‍ കമ്പനിയുടെ അപേക്ഷ വന്നിട്ടില്ല; രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

ജെ മേഴ്‌സിക്കുട്ടിയമ്മയും ഇ പി ജയരാജനും തുടക്കം മുതല്‍ കള്ളം പറയുന്നു. അസന്റില്‍ ധാരണാപത്രം ഒപ്പിടുന്നതിന് മുന്‍പ് ഫിഷറീസ് മന്ത്രിയുമായി ഇഎംസിസി ചര്‍ച്ച നടത്തി. മത്സ്യബന്ധന നയത്തില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ഇഎംസിസിയെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും പ്രതിപക്ഷ നേതാവ്. ഇഎംസിസി അസന്റില്‍ സര്‍ക്കാരുമായി ഒപ്പുവച്ച എംഒയുവും പള്ളിപ്പുറത്ത് സ്ഥലം അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവും ചെന്നിത്തല പുറത്തുവിട്ടു.

പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് എംഒയുകളും റദ്ദാക്കാന്‍ മുഖ്യമന്ത്രി തയാറാണോ എന്നും പ്രതിപക്ഷ നേതാവിന്റെ ചോദ്യം. ആരോപണങ്ങള്‍ തെറ്റെങ്കില്‍ സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രിയെ ചെന്നിത്തല വെല്ലുവിളിച്ചു. ഉദ്യോഗസ്ഥ തലത്തില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് മന്ത്രിമാരുടെ ശ്രമമെന്നും ചെന്നിത്തല.

Story Highlights – ramesh chennithala, fisheries department

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top