അമേരിക്കന്‍ കമ്പനിയുടെ അപേക്ഷ വന്നിട്ടില്ല; രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

കേരളത്തിലെ മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ അന്തര്‍ദേശീയ ശക്തികളുടെ ശ്രമമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ആരോപണങ്ങള്‍ അസംബന്ധമാണ്. മത്സ്യബന്ധനത്തിന് അനുമതി നല്‍കേണ്ടത് ഫിഷറീസ് വകുപ്പാണെന്നും അത്തരത്തിലൊരു ആവശ്യം തന്റെ മുന്‍പില്‍ വന്നിട്ടില്ലെന്നും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഫിഷറീസ് നയത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിന് വിധേയമായി മാത്രമേ കാര്യങ്ങള്‍ നടക്കൂ. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമാണ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതിയുള്ളൂ. അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് പ്രതിപക്ഷ നേതാവ്. പ്രതിപക്ഷ നേതാവിനെ എന്തെങ്കിലും ബോംബ് പൊട്ടിച്ച് നടക്കണമെന്ന അത്യാര്‍ത്തിമൂലം പറയുന്നതാണ്. അതൊക്കെ അദ്ദേഹത്തിന്റെ ദിവാസ്വപ്‌നമാണെന്നും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

Read Also : മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ അന്തര്‍ദേശീയ ശക്തികളുടെ ശ്രമം: പ്രതിപക്ഷ നേതാവ്

കേരളത്തിലെ മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ അന്തര്‍ദേശീയ ശക്തികളുടെ ശ്രമം നടക്കുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. മത്സ്യമേഖലയെ അമേരിക്കന്‍ കമ്പനിക്ക് തീറെഴുതാന്‍ സര്‍ക്കാര്‍ നീക്കമെന്നും ചെന്നിത്തല ആരോപിച്ചു. ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഇഎംസിസി എന്ന അമേരിക്കന്‍ കമ്പനിയുമായി കരാര്‍ ഒപ്പിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

കമ്പനി ആസൂത്രണം ചെയ്യുന്നത് വന്‍ കൊള്ളയാണ്. ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കുന്നത് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയാണ്. ന്യൂയോര്‍ക്കില്‍ വച്ച് മന്ത്രിയും കമ്പനി പ്രതിനിധികളും ചര്‍ച്ച നടത്തിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Story Highlights – American company – Ramesh Chennithala’s allegations – j mercykutty amma

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top