Advertisement

‘ശബരിമലയിൽ ആചാരലംഘനം നടത്തിയതിന് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം’: രമേശ് ചെന്നിത്തല

2 hours ago
Google News 2 minutes Read

ശബരിമല വിഷയത്തിൽ ആചാരലംഘനം നടത്തിയതിന് മുഖ്യമന്ത്രി വിശ്വാസികളോട് മാപ്പു പറയണമെന്ന് രമേശ് ചെന്നിത്തല. അത് ചെയ്യാതെ ശബരിമലയിൽ സർക്കാർ നടത്തുന്ന ‘ആഗോള അയ്യപ്പ സംഗമം’ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ നാടകമാണെന്ന് ചെന്നിത്തല വിമർശിച്ചു. “ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം തിരുത്തിയാണ് പിണറായി സർക്കാർ യുവതി പ്രവേശനത്തിന് വഴിയൊരുക്കിയത്.

ഇതിലൂടെ കേരളത്തിലെ മുഖ്യമന്ത്രി വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുകയും ശബരിമലയെ കലാപ കലുഷിതമാക്കുകയും ചെയ്തു. ശബരിമലയിൽ സ്ത്രീകളെ നിർബന്ധിച്ച് കയറ്റണമെന്ന് വാശിപിടിച്ചത് മുഖ്യമന്ത്രിയാണ്. ഈ തെറ്റിന് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. തിരുത്തിയ സത്യവാങ്മൂലം പിൻവലിക്കാൻ സർക്കാർ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ശബരിമലയിൽ വരുന്ന ഭക്തരെ ‘പ്രിവിലേജ്ഡ് ക്ലാസ്സ്’ എന്ന് തരം തിരിക്കാനുള്ള നടപടി അംഗീകരിക്കാനാവില്ലെന്ന് ചെന്നിത്തല പറഞ്ഞു. “ജാതിമതഭേദമന്യേ എല്ലാവരും അയ്യപ്പന്റെ സന്നിധിയിൽ ഒരുപോലെയാണ്. അവിടെ ജാതിയോ മതമോ പ്രിവിലേജോ ഇല്ല. അതാണ് ശബരിമലയുടെ പ്രത്യേകത. ആയിരക്കണക്കിന് ഭക്തർക്കെതിരെ നാമജപ ഘോഷയാത്ര നടത്തിയതിന്റെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറുണ്ടോ എന്നും മുഖ്യമന്ത്രി വ്യക്തമാക്കണം.” – ചെന്നിത്തല ആവശ്യപ്പെട്ടു.

യു.ഡി.എഫ് സർക്കാരാണ് ശബരിമലയിൽ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തിയത്. നിലവിലെ സർക്കാരിന്റെ നിലപാടുകൾ തിരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. ഭക്തജനങ്ങളെ കബളിപ്പിക്കാനും വഞ്ചിക്കാനുമുള്ള ഈ ശ്രമം കേരളത്തിലെ ജനങ്ങൾ പൂർണമായി തിരിച്ചറിയുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്തതിന് എനിക്കും ഉമ്മൻചാണ്ടിയും അടക്കം ഉള്ളവർക്കെതിരെ കേസ് ഉണ്ടായിരുന്നു. അവസാനം റാന്നി കോടതി ആണ് അത് തള്ളിയത്. ഭക്തജനങളുടെ വികാരം വ്രണപ്പെടുത്തിയ സർക്കാരാണിത്. അതിൽ ജനങ്ങളോട് മാപ്പു പറയാതെ എന്തു കാണിക്കുന്നതും തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ് – ചെന്നിത്തല പറഞ്ഞു.

Story Highlights : Ramesh chennithala against pinarayi vijayan on ayyapasangamam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here