രാജ്യത്തെ കൂടുതല്‍ മേഖലകളില്‍ പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍

കര്‍ഷക പ്രക്ഷോഭം രാജ്യത്തെ കൂടുതല്‍ മേഖലകളില്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍. അടുത്ത തിങ്കള്‍ മുതല്‍ വെള്ളി വരെ രാജസ്ഥാനിലെ വിവിധയിടങ്ങളില്‍ കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കും. കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് തൊഴിലാളികള്‍ ഇന്ന് പഞ്ചാബിലെ ബര്‍ണാലയില്‍ സംഘടിപ്പിക്കുന്ന മഹാപഞ്ചായത്തില്‍ പങ്കെടുക്കും. അതേസമയം, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഇന്ന് വിധാന്‍സഭയില്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തുമെന്നും, ഉച്ചഭക്ഷണം കഴിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

കിസാന്‍ മഹാപഞ്ചായത്തുകള്‍ വ്യാപകമാക്കുകയാണ് കര്‍ഷക സംഘടനകള്‍. തിങ്കളാഴ്ച ഹനുമാന്‍ഗഡിലെ നോഹറിലാണ് കിസാന്‍ മഹാപഞ്ചായത്ത്. പഞ്ചാബിലെ ബര്‍ണാലയില്‍ ഇന്ന് സംഘടിപ്പിക്കുന്ന മഹാപഞ്ചായത്തില്‍ കര്‍ഷകര്‍ക്കൊപ്പം തൊഴിലാളികളും അണിചേരും. ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം എണ്‍പത്തിയെട്ടാം ദിവസത്തിലേക്ക് കടന്നു. വിളവെടുപ്പ് സമയമായതിനാല്‍ കര്‍ഷകരുടെ സാന്നിധ്യത്തിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി. സമരഭൂമിയില്‍ നിന്ന് ഒരു കര്‍ഷകന്‍ ഗ്രാമത്തിലേക്ക് പോകുമ്പോള്‍, പകരം രണ്ട് പേര്‍ ഗ്രാമത്തില്‍ നിന്ന് പ്രക്ഷോഭത്തിനെത്തും.

അതേസമയം, റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത പതിനഞ്ച് കര്‍ഷകര്‍ കൂടി ജാമ്യത്തിലിറങ്ങി. കൊലപാതകശ്രമം അടക്കം കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.

Story Highlights – Farmers’ organizations protest in more parts of the country

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top