കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തായി കനിവ് 108 ആംബുലന്‍സുകള്‍; ഒരു വര്‍ഷം കൊണ്ട് ഓടിയത് രണ്ട് ലക്ഷം ട്രിപ്പുകള്‍

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കനിവ് 108 ആംബുലസുകള്‍ രണ്ട് ലക്ഷത്തിലധികം കൊവിഡ് അനുബന്ധ ട്രിപ്പുകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാനത്തെ കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നവരാണ് കനിവ് 108 ആംബുലന്‍സുകള്‍. 2020 ജനുവരി 30ന് കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തെ ആദ്യ 108 ആംബുലന്‍സ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിന്യസിച്ചത് മുതല്‍ ആരംഭിച്ച കൊവിഡ് പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടര്‍ന്നുവരികയാണ്. നിലവില്‍ 295 ആംബുലന്‍സുകള്‍ വിവിധ ജില്ലാ ഭരണകൂടങ്ങള്‍ക്ക് കീഴില്‍ കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ആയിരത്തിലധികം ജീവനക്കാരാണ് നിലവില്‍ കനിവ് 108 ആംബുലന്‍സുകളുടെ ഭാഗമായി കൊവിഡ് മുന്‍നിര പോരാളികളായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് പോസിറ്റീവ് ആയവരെ വീടുകളില്‍ നിന്ന് സിഎഫ്എല്‍ടിസികളിലേക്കും, സിഎഫ്എല്‍ടിസികളില്‍ നിന്ന് ആശുപത്രികളിലേക്കും കൊവിഡ് പരിശോധനകള്‍ക്കും മറ്റുമാണ് കനിവ് 108 ആംബുലന്‍സുകളുടെ സേവനം നിലവില്‍ ഉപയോഗപ്പെടുത്തുന്നത്. ലോക്ക്ഡൗണ്‍ കാലയളവില്‍ വിവിധ ജില്ലാ ഭരണകൂടങ്ങളുടെ നിര്‍ദേശ പ്രകാരം മറ്റുസംസ്ഥാനങ്ങളിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് രോഗികളെ മാറ്റുന്നതിനും 108 ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കിയിരുന്നു.

പാലക്കാട് ജില്ലയിലാണ് കൊവിഡ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി കനിവ് 108 ആംബുലന്‍സുകള്‍ ഏറ്റവും അധികം ട്രിപ്പുകള്‍ നടത്തിയത്. 28,845 ട്രിപ്പുകളാണ് പാലക്കാട് ജില്ലയില്‍ ഒരു വര്‍ഷം കൊണ്ട് കനിവ് 108 ആംബുലന്‍സുകള്‍ കൊവിഡ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഓടിയത്. ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് ട്രിപ്പുകള്‍ കൊവിഡ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഓടിയത്. 5,305 ട്രിപ്പുകളാണ് ഇവിടെ കൊവിഡ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ആംബുലന്‍സുകള്‍ ഓടിയത്.

തിരുവനന്തപുരം 19,664 ട്രിപ്പുകള്‍, കൊല്ലം 11,398 ട്രിപ്പുകള്‍, പത്തനംതിട്ട 6,965 ട്രിപ്പുകള്‍, ആലപ്പുഴ 6,486 ട്രിപ്പുകള്‍,കോട്ടയം 15,477 ട്രിപ്പുകള്‍, എറണാകുളം 11,381 ട്രിപ്പുകള്‍, തൃശൂര്‍ 18,665 ട്രിപ്പുകള്‍, മലപ്പുറം 23,679 ട്രിപ്പുകള്‍, കോഴിക്കോട് 17,022 ട്രിപ്പുകള്‍, വയനാട് 6,661 ട്രിപ്പുകള്‍, കണ്ണൂര്‍ 17,720 ട്രിപ്പുകള്‍, കാസര്‍ഗോഡ് 10,938 ട്രിപ്പുകള്‍ എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍.

Story Highlights – Kaniv 108 ambulances – Two lakh trips in a year

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top