ബ്ലാസ്റ്റേഴ്സിന് അഭിമാനപ്പോരാട്ടം; ഇന്ന് ചെന്നൈയിനെതിരെ

ഐഎസ്എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്സിയെ നേരിടും. പ്ലേഓഫ് പോരിൽ നിന്ന് നേരത്തെ പുറത്തായ ബ്ലാസ്റ്റേഴ്സിന് ഇത് അഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടമാണ്. ചെന്നൈയിനും പ്ലേ ഓഫിൽ നിന്ന് പുറത്തായിക്കഴിഞ്ഞു. നിലവിൽ 19 മത്സരങ്ങൾ പൂർത്തിയാക്കിയ ചെന്നൈയിൻ 3 ജയവും 6 തോൽവിയും സഹിതം 19 പോയിൻ്റുമായി പോയിൻ്റ് ടേബിളിൽ എട്ടാം സ്ഥാനത്തും 18 മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ് 3 ജയവും 8 തോൽവിയും സഹിതം 16 പോയിൻ്റുമായി പട്ടികയിൽ 10ആം സ്ഥാനത്തുമാണ്. ആദ്യ പാദത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ മത്സരം ഗോൾരഹിത സമനില ആയിരുന്നു.
തുടർ തോൽവികളും മുഖ്യ പരിശീലകൻ കിബു വിക്കൂനയുടെ പടിയിറക്കവും മൂലം ടീം മൊറാൽ ആകെ കൈമോശം വന്നിരിക്കുന്ന സമയമാണ് ഇത്. ഏതാണ്ടെല്ലാ സീസണിലെയും അവസാന സമയത്തുള്ള സ്ഥിരം പ്രതിഭാസം ആണ് ഇതെങ്കിലും താരങ്ങൾ മാറുന്നതിനാൽ മൊറാൽ നഷ്ടപ്പെടൽ എല്ലായ്പ്പോഴും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ താത്കാലിക പരിശീലകൻ ഇഷ്ഫാഖ് അഹ്മദിനു കീഴിൽ ഒരു ഗംഭീര പ്രകടനം കാഴ്ചവെച്ചു കളയാമെന്ന വ്യാമോഹമൊന്നും ടീമിന് ഉണ്ടാവാനിടയില്ല. ഇഷ്ഫാഖും അത്തരം ആലോചനകളിൽ വ്യാപൃതനായേക്കില്ല. കഴിഞ്ഞ ഏതാനും സീസണുകളായി അവസാനത്തെ രണ്ട് മൂന്ന് മത്സരങ്ങളിൽ താത്കാലിക പരിശീലകൻ്റെ വേഷമണിയുക എന്ന കടമ മുടക്കമില്ലാതെ ചെയ്തുപോരുന്ന ഇഷ്ഫാഖിനെ സംബന്ധിച്ച് ഇതും അത്തരത്തിൽ ഒരു നിയോഗം മാത്രമാണ്. അടുത്ത സീസണിൽ പുതിയ പരിശീലകൻ വരും. അപ്പോൾ, ഇഷ്ഫാഖ് വീണ്ടും സഹപരിശീലകനാവും. എല്ലാ ഇന്ത്യൻ സഹപരിശീലകരും ഖാലിദ് ജമീൽ അല്ലല്ലോ.
പറഞ്ഞുകൊണ്ടേയിരുന്നത് തന്നെ വീണ്ടും പറയുന്നത് മുഷിച്ചിൽ ഉണ്ടാക്കും എന്നതുകൊണ്ട് തന്നെ പ്രതിരോധ നിരയുടെ ദൗർബല്യം വീണ്ടും ചർച്ച ചെയ്യുന്നില്ല. ഇതുവരെ അവസരം ലഭിക്കാതിരുന്ന താരങ്ങളിൽ ചിലർക്കെങ്കിലും അവസരം ലഭിക്കുമോ എന്നതാണ് അറിയേണ്ടത്. യുവ ഗോൾ കീപ്പർ പ്രഭ്സുഖൻ സിംഗ് ഗിലിനെ ആൽബീനോ ഗോമസിനു പകരം പരീക്ഷിച്ചേക്കാനിടയുണ്ട്. പരുക്ക് ഭേദമായതിനാൽ ഫക്കുണ്ടോ പെരേരയും ടീമിൽ ഇടം നേടിയേക്കും.
ചെന്നൈയിനും ഒരു ജയം കൊണ്ട് കാര്യമില്ല. ഈ കളിയിൽ ജയിച്ചാൽ 6ആം സ്ഥാനം മെച്ചപ്പെടുത്താനും കഴിയില്ല. എന്നാലും അഭിമാനസംരക്ഷണത്തിനായാവും അയൽക്കാരും ഇറങ്ങുക.
Story Highlights – kerala blasters vs chennaiyin fc isl preview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here