Advertisement

നാസയുടെ ചൊവ്വ ദൗത്യം വിജയകരമായി നിലം തൊട്ടപ്പോൾ മുഴങ്ങിയ ഇന്ത്യൻ ശബ്‌ദം

February 21, 2021
Google News 3 minutes Read

മനുഷ്യ രാശിയുടെ ചരിത്രത്തിലെ നിർണ്ണായക ദൗത്യമാണ് ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഏജൻസിയായ നാസയുടെ ചൊവ്വ ദൗത്യം. ശാസ്ത്ര ലോകം ഒന്നടങ്കം കാത്തിരുന്ന നാസയുടെ പേഴ്സിവിയറൻസ് പേടകം വെള്ളിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 2.28 ന് ചൊവ്വ ഗ്രഹത്തിൽ വിജയകരമായി നിലം തൊട്ടത്തിനു പിന്നാലെ കാലിഫോർണിയയിലെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ ഒരു പെൺ ശബ്‌ദം മുഴങ്ങി. ‘Touchdown Confirmed’. പിന്നാലെ ഓഫീസിനുള്ളിൽ കരഘോഷം മുഴങ്ങികേട്ടു. നാസ വിദഗ്ദ്ധർ കസേരകളിൽ നിന്നും ചാടി എഴുനേറ്റ് പരസ്പരം സന്തോഷം പ്രകടിപ്പിച്ചു.

സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ വേഗത്തിൽ പരക്കുന്നതോടെ ആ ശബ്‌ദം വീണ്ടും ആവർത്തിച്ചു” പേഴ്സിവിയറൻസ് സുരക്ഷിതമായി ചൊവ്വയിൽ ഇറങ്ങിയിരിക്കുന്നു. പോയ കാലത്തിന്റെ സൂചനകൾ തേടിയുള്ള യാത്ര തുടരുന്നു.” ഇന്ത്യൻ ജനതയ്ക്ക് അഭിമാനിയ്ക്കാവുന്ന ഒരു ശബ്‌ദസന്ദേശമായിരുന്നു അത്. കാരണം ആ ശബ്‌ദം ഒരു ഇന്ത്യക്കാരിയുടേതാണ്. ഒരു വയസ്സിൽ മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലേയ്ക്ക് കുടിയേറിയ സ്വാതി മോഹനാണു ശബ്ദത്തിനു പിന്നിൽ.

പേഴ്സിവിയറൻസ് ദൗത്യത്തിന്റെ മിഷൻ കമന്ററാണ് ബെംഗളൂരുവിൽ ജനിച്ച സ്വാതി. പേഴ്സിവിയറൻസ് ദൗത്യത്തിന് വേണ്ടി വർഷങ്ങളോളം പ്രയത്‌നിച്ച സ്വാതി തന്നെയായിരുന്നു ഒടുവിൽ ഏഴു മിനിറ്റോളം നീണ്ടു നിന്ന സങ്കീർണ്ണമായ നടപടികൾക്കൊടുവിൽ പേടകം ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങുന്നതിന്റെ വിശദാംശങ്ങളും അറിയിച്ചു കൊണ്ടിരുന്നത്. പേഴ്സിവിയറൻസ് പദ്ധതിയുടെ ഗൈഡൻസ് ആന്റ് കൺട്രോൾസ് ഓപ്പറേഷൻ വിഭാഗം മേധാവിയായ സ്വാതിയായിരുന്നു നിർണായക പദ്ധതിയുടെ സുപ്രധാന ചുമതല വഹിച്ചിരുന്നത്.

”ഞാൻ എവിടെയെത്തുമെന്നത് അന്ന് ആലോചിച്ചത് ഞാൻ ഓർക്കുന്നു. പ്രപഞ്ചത്തിലെ സുന്ദരമായ ഇടങ്ങൾ എനിക്ക് കണ്ടെത്തണം”. നാസ വെബ്സൈറ്റിലെ ചോദ്യോത്തര പരിപാടിയിൽ അവർ പറഞ്ഞു. പ്രപഞ്ചത്തിൽ നാം അറിയാത്ത നിരവധി വിവരങ്ങൾ ഉണ്ടെന്നും, നാം അതൊക്കെ കണ്ടെത്തി തുടങ്ങിയിട്ടേ ഉള്ളുവെന്നും സ്വാതി പറയുന്നു. പതിനാറാം വയസ്സിൽ ഒരു ഫിസിക്സ് ക്ലാസ്സിൽ ഇരുന്നപ്പോഴാണ് തന്റെ ഭാവി മേഖലയെക്കുറിച്ചുള്ള തിരിച്ചറിവുകൾ ഉണ്ടായതെന്നും തുടർന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിലും ഐയ്റോസ്പേസ് എന്ജിനീയറിങ്ങിലും പഠനം പൂർത്തിയാക്കി നാസയിലെത്തുകയായിരുന്നുവെന്നും സ്വാതി വിശദീകരിച്ചു.

Story Highlights – Swati Mohan, The Indian-American scientist behind NASA’s rover landing on Mars

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here