സൺറൈസേഴ്സിൽ ഹൈദരാബാദ് താരങ്ങളില്ല; നഗരത്തിൽ ഐപിഎൽ അനുവദിക്കില്ലെന്ന് ടിആർഎസ് എംഎൽഎ

ഹൈദരാബാദ് നഗരത്തിൽ ഐപിഎൽ മത്സരങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന ഭീഷണിയുമായി ടിആർഎസ് എംഎൽഎ ദനം നാഗേന്ദർ. ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിൽ പ്രാദേശിക താരങ്ങൾ ഇല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കൈറതാബാദ് എംഎൽഎ ആയ നാഗേന്ദറുടെ ഭീഷണി. ഹൈദരാബാദിൽ നിന്നുള്ള താരങ്ങൾ ടീമിൽ ഇല്ലെന്നും ലേലത്തിൽ ആരെയും ടീമിൽ എടുത്തില്ലെന്നും അദ്ദേഹം പറയുന്നു.
“മറ്റെല്ലാ ഐപിഎൽ ടീമുകളിലും അതാത് സംസ്ഥാനത്തെ താരങ്ങളുണ്ട്. എന്നാൽ, മികച്ച താരങ്ങളുള്ള, ആഗോളാടിസ്ഥാനത്തിൽ അംഗീകരിക്കപ്പെട്ട ഹൈദരാബാദിൽ നിന്ന് ഒരു താരം പോലും സൺറൈസേഴ്സ് ഹൈദരാബാദിൽ ഇല്ല. ഈ തെരഞ്ഞെടുപ്പിൽ ഒട്ടേറെ വൈരുധ്യങ്ങളുണ്ട്.”- ദനം നാഗേന്ദർ പറഞ്ഞു.
ഇങ്ങനെയാണെങ്കിൽ ഹൈദരാബാദ് നഗരത്തിൽ ഐപിഎൽ മത്സരങ്ങൾ സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഹമ്മദ് സിറാജ് മാത്രമല്ല, രഞ്ജിയും അണ്ടർ-19ഉം ഒക്കെ കളിച്ച നിരവധി താരങ്ങൾ ഹൈദരാബാദിലുണ്ട്. അവസരം നൽകിയാൽ അവർ ഐപിഎലിൽ തിളങ്ങും. സൺറൈസേഴ്സ് മാനേജ്മെൻ്റ് അവരെ പരിഗണിക്കണം എന്നും അദ്ദേഹം പറഞ്ഞു.
“ഇപ്പോഴത്തെ ക്യാപ്റ്റനായ ഡേവിഡ് വാർണർ പന്ത് ചുരണ്ടലിൽ ഉൾപ്പെട്ടയാളാണ്. ഹൈദരാബാദ് ടീമിൽ വാർണർ ഉൾപ്പെടുന്നതിനെയും ഞങ്ങൾ എതിർക്കുന്നു. ഹൈദരാബാദിൽ നിന്നുള്ള താരങ്ങൾ ടീമിൽ ഇല്ലെങ്കിൽ പേരിൽ നിന്ന് ഹൈദരാബാദ് ഒഴിവാക്കണം.”- അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights – TRS MLA threatens to stop IPL matches in Hyderabad as SRH has no city players
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here