സ്ഥാനാർത്ഥി നിർണയം പാളരുത്; പതിവ് മുഖങ്ങൾക്ക് പകരം യുവാക്കൾക്കും വനിതകൾക്കും പ്രാധാന്യം നൽകണം : രാഹുൽ ഗാന്ധി

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയം പാളരുതെന്ന് യു ഡി എഫ് നേതൃത്വത്തോട് രാഹുൽ ഗാന്ധി. പതിവ് മുഖങ്ങളെ തിരുകി കയറ്റുന്നതിൽ കാര്യമില്ലെന്നും യുവാക്കൾക്കും വനിതകൾക്കും പ്രാധാന്യം നൽകണമെന്നും യുഡിഎഫ് യോഗത്തിൽ രാഹുൽ ഗാന്ധി നിർദേശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സാന്നിധ്യം കൂടുതലായി ഉണ്ടാകണമെന്ന് ഘടകകക്ഷികളും ആവശ്യപ്പെട്ടു.
ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ രാഹുൽ ഗാന്ധി യുഡിഎഫ് ഏകോപനസമിതി യോഗത്തിലും കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയിലും പങ്കെടുത്തു. ഭരണം പിടിക്കാൻ രാഷ്ട്രീയ കാലാവസ്ഥ അനുകൂലമെന്ന് വിലയിരുത്തിയാണ് രാഹുൽ സ്ഥാനാർഥി നിർണയത്തിലെ നിലപാട് വ്യക്തമാക്കിയത്. ജയ സാധ്യത മാത്രമാവണം മാനദണ്ഡം. അതിന് പതിവ് മുഖങ്ങളെ തിരുകി കയറ്റുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചു.
മറ്റു പരിഗണനകൾ മാറ്റിവെച്ച് യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാധാന്യം നൽകണമെന്നും രാഹുൽഗാന്ധി നിർദേശിച്ചു. രാഹുലിന്റെ നിർദേശത്തോട് ഘടകക്ഷികളും അനുകൂല നിലപാടാണ് സ്വീകരിച്ചത്. തർക്കങ്ങളും ഭിന്നസ്വരങ്ങളും ഒഴിവാക്കി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് നേരിടണമെന്നും രാഹുൽ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഈ മാസത്തോടെ സീറ്റ് വിഭജനം പൂർത്തിയാക്കി സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കാനും നേതൃയോഗത്തിൽ ധാരണയായി
ആഴക്കടൽ മൽസ്യബന്ധന കരാർ അടക്കം സർക്കാരിനെതിരായ വിമർശനങ്ങൾ കൂടുതൽ ശക്തമാക്കാനും യോഗം തീരുമാനിച്ചു. മാണി സി കാപ്പനെ ഏതുനിലയിൽ ഉൾക്കൊള്ളണം എന്നകാര്യം 28 ന് ചേരുന്ന യുഡിഎഫ് യോഗം ചർച്ച ചെയ്യും.
Story Highlights – Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here