അശോക് ഡിണ്ട ബിജെപിയിൽ ചേർന്നു

അടുത്തിടെ വിരമിച്ച ഇന്ത്യൻ ഫാസ്റ്റ് ബൗളർ അശോക് ഡിണ്ട ബിജെപിയിൽ ചേർന്നു. കൊൽക്കത്തയിൽ വച്ച് നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് ഡിണ്ട തൻ്റെ രാഷ്ട്രീയ ജീവിതത്തിനു തുടക്കമിട്ടത്. ബിജെപി നേതാവ് സുവേന്ദു അധികാരി, എംപിമാരായ അർജുൻ സിംഗ്, ബാബുൾ സുപ്രിയോ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഡിണ്ട ബിജെപിയിം അംഗത്വം എടുത്തത്.
അതേസമയം, ബംഗാളിൽ നിന്നുള്ള മറ്റൊരു ഇന്ത്യൻ താരം മനോജ് തിവാരി തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുത്തു. ബിജെപി ആളുകളെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നും മമത ആളുകളെ ഒരുമിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും തിവാരി പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ അദ്ദേഹം ഇക്കാര്യം അറിയിക്കുകയും ചെയ്തു.
ഫെബ്രുവരി മൂന്നിനാണ് ഡിണ്ട ക്രിക്കറ്റിൽ നിന്നു വിരമിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ ബൗളർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന താരം 15 വർഷത്തോളം നീണ്ട കരിയറിനാണ് സമാപ്തി കുറിച്ചത്. ഐപിഎലിലും ഇന്ത്യക്കായി രാജ്യാന്തര മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്.
Read Also : അശോക് ഡിണ്ട ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
ബംഗാൾ ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ രണ്ടാമത്തെ ബൗളറാണ് ഡിണ്ട. 116 മത്സരങ്ങളിൽ നിന്ന് 420 ഫസ്റ്റ് ക്ലാസ് വിക്കറ്റുകൾ സ്വന്തമാക്കിയ താരം 98 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 151 വിക്കറ്റുകളും 144 ടി-20കളിൽ നിന്ന് 98 വിക്കറ്റുകളും സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ കോച്ചിംഗ് സ്റ്റാഫുമായുള്ള തർക്കത്തെ തുടർന്ന് അദ്ദേഹം ഗോവയ്ക്കു വേണ്ടിയാണ് കളിച്ചത്.
13 ഏകദിനങ്ങളും 9 ടി-20കളും താരം ഇന്ത്യക്കു വേണ്ടി കളിച്ചു. 12, 17 വിക്കറ്റുകൾ വീതമാണ് സമ്പാദ്യം. ഐപിഎലിൽ ആകെ 78 മത്സരങ്ങൾ കളിച്ച താരം 68 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
Story Highlights – ashok dinda joins bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here