സ്വാശ്രയ മെഡിക്കല്‍ കോളജ് ഫീസ് വര്‍ധന; ഹൈക്കോടതി വിധിയുടെ സാധുത സുപ്രിംകോടതി ഇന്ന് നിശ്ചയിക്കും
സ്വാശ്രയ മെഡിക്കല്‍ കോളജ് ഫീസ് കുത്തനെ വര്‍ധിപ്പിക്കാന്‍ കാരണമായ ഹൈക്കോടതി വിധിയുടെ സാധുത സുപ്രിംകോടതി ഇന്ന് നിശ്ചയിക്കും. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരും വിദ്യാര്‍ത്ഥികളും നല്‍കിയ ഹര്‍ജികളിലെ വിധി പ്രസ്താവമാകും സുപ്രിം കോടതി ഇന്ന് നടത്തുക. ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്. ഫീസ് നിര്‍ണയ സമിതിയോട് സഹകരിക്കാന്‍ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകളോട് നിര്‍ദേശിക്കണമെന്നായിരുന്നു സുപ്രിം കോടതിയിലെ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.
Read Also : ആരോഗ്യ മന്ത്രി മെഡിക്കല്‍ കോളജ് അധ്യാപകരുമായി ബുധനാഴ്ച ചര്‍ച്ച നടത്തും
2020 മേയ് 19ന് ഫീസ് നിര്‍ണയ സമിതി നിശ്ചയിച്ച ഫീസ് റദ്ദാക്കുകയായിരുന്നു ഹൈക്കോടതി ചെയ്തത്. കോളജ് മാനേജ്‌മെന്റുകള്‍ നല്‍കുന്ന ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റ് മാത്രം പരിഗണിച്ച് ഫീസ് നിര്‍ണയിക്കണമെന്ന് തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഈ രണ്ട് ഉത്തരവുകളും നടപടിയും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. കോളജുകള്‍ സമര്‍പ്പിക്കുന്ന ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റ് മാത്രം പരിഗണിച്ച് ഫീസ് നിര്‍ണയിച്ചാല്‍ മതിയെന്ന ഉത്തരവ് നിയമവിരുദ്ധമാണെന്നായിരുന്നു പ്രധാനവാദം. 2003ലെ ഇസ്ലാമിക് അക്കാദമി കേസില്‍ സുപ്രിംകോടതി വ്യക്തമാക്കിയ ഫീസ് നിര്‍ണയ സമിതിയുടെ ചുമതലയെ തുരങ്കം വയ്ക്കുന്നതാകും ഇതെന്ന് സംസ്ഥാനം വാദിച്ചു.
കോളജുകളുടെ വരവുചെലവ് കണക്കുകള്‍ സംബന്ധിച്ച രേഖകള്‍ വിളിച്ചുവരുത്തി സമിതി ‘സൂപ്പര്‍ അക്കൗണ്ടിംഗ്’ നടത്തേണ്ടതില്ലെന്ന ഹൈകോടതി നിര്‍ദേശം കണക്കുകള്‍ സൂക്ഷ്മ പരിശോധന നടത്തണമെന്ന ഇസ്ലാമിക് അക്കാദമി കേസിലെ വിധിക്ക് വിരുദ്ധമാണ്. വരവുചെലവ് കണക്ക് സംബന്ധിച്ച വൗച്ചറുകള്‍, ഓഡിറ്റ് ചെയ്ത അക്കൗണ്ട് ബുക്കുകള്‍ തുടങ്ങിയവ പരിശോധിക്കരുതെന്ന നിര്‍ദേശം സമിതി പ്രവര്‍ത്തനം തടസപ്പെടുത്തുന്നതും ഫീസ് നിര്‍ണയം അപ്രായോഗികമാക്കുന്നതുമാണ്. ഫീസ് നിര്‍ണയത്തിന് മുന്‍പ് കോളജ് മാനേജ്‌മെന്റുകള്‍ക്ക് പറയാനുള്ളത് വെവ്വേറെ കേട്ടാണ് സമിതി ഫീസ് നിര്‍ണയം നടത്തിയതെന്നും സംസ്ഥാനം കോടതിയില്‍ വ്യക്തമാക്കി.
ഫീസ് നിര്‍ണയ സമിതിയുടെ പ്രവര്‍ത്തനം തടസപ്പെടുന്നത് വലിയ ബാധ്യത ഉണ്ടാക്കും എന്ന് വിദ്യാര്‍ത്ഥികളുടെ അഭിഭാഷകരും കോടതിയെ അറിയിച്ചു. കോളജുകള്‍ നല്‍കുന്ന ശുപാര്‍ശയെ പരിശോധിക്കാന്‍ മാത്രമേ ഫീസ് നിര്‍ണയ സമിതിക്ക് അധികാരം ഉള്ളുവെന്നായിരുന്നു ഹര്‍ജിയെ എതിര്‍ത്ത മാനേജ്‌മെന്റുകളുടെ വാദം. ഫീസ് കണക്കാക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യത്തിന് സമയം പോലും സമിതി നല്‍കാറില്ലെന്നും മാനേജ്‌മെന്റുകളുടെ അഭിഭാഷകര്‍ ആരോപിച്ചു.
സമിതിയുടെ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ താത്കാലിക സംവിധാനമെന്ന നിലയില്‍ വാര്‍ഷിക ഫീസായി 11 ലക്ഷം രൂപ വിദ്യാത്ഥികളില്‍ നിന്ന് ഈടാക്കാന്‍ 2017ല്‍ സുപ്രിം കോടതി അനുവദിച്ചിരുന്നു. 2016ല്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ ഫീസ് സംബന്ധിച്ച വിഷയം നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ ഫീസ് പുനഃനിര്‍ണയിക്കാന്‍ ഉത്തരവിട്ടാല്‍ താത്കാലിക സംവിധാനമെന്ന നിലയില്‍ വാര്‍ഷിക ഫീസായി 11 ലക്ഷം രൂപ ഈടാക്കാന്‍ അനുവദിക്കണമെന്നും മാനേജ്‌മെന്റുകള്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും സുപ്രിം കോടതി തങ്ങളുടെ വിധിയില്‍ വ്യക്തത വരുത്തും. 2017 മുതല്‍ കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നേടിയ 12000ത്തോളം വിദ്യാര്‍ത്ഥികളെ സുപ്രിംകോടതി വിധി ബാധിക്കും.
Story Highlights – fees hike, medical college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here