Advertisement

ഭൂമിയ്ക്ക് ഉണ്ടാകുന്ന മാറ്റം; മനോഹരമായ ചില സ്ഥലങ്ങൾ അപ്രത്യക്ഷമാകുമ്പോൾ

February 26, 2021
Google News 1 minute Read

ഓരോ ദിവസവും പല തരത്തിലുള്ള മാറ്റങ്ങളിലൂടെയാണ് ലോകം കടന്ന് പോകുന്നത്. ജീവികൾക്കും ആവാസവ്യവസ്ഥകൾക്കും കാലാവസ്ഥയ്ക്കുമെല്ലാം മാറ്റങ്ങൾ ഉണ്ടായിക്കഴിഞ്ഞു. മാറ്റങ്ങൾ നല്ലതാണെങ്കിലും ചില മാറ്റങ്ങൾ ഭൂമിയെ സംബന്ധിച്ച് ദോഷകരമാണ്. ആഗോള താപനത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങൾ ഓരോ നിമിഷവും വളരെ മോശമായ രീതിയിലാണ് പ്രകൃതിയെ ബാധിക്കുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ ചില ഇടങ്ങൾ ഈ മാറ്റങ്ങൾ കാരണം ഭൂമിയിൽ നിന്നും അപ്രത്യക്ഷമാകുവാൻ പോവുകയാണ്. അത്തരത്തിൽ അപ്രത്യക്ഷമാകാൻ സാധ്യതയുള്ള ഭൂമിയിലെ ചില ഇടങ്ങൾ പരിചയപ്പെടാം…..

മൗണ്ട് കിളിമഞ്ചാരോ , ടാൻസാനിയ

ആഫ്രിക്കയിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയാണ് മൗണ്ട് കിളിമഞ്ചാരോ. പൂർണ്ണമായും മഞ്ഞുമൂടികിടക്കുന്ന ഈ പർവതത്തിൽ പക്ഷേ, കഴിഞ്ഞ 100 വർഷങ്ങളായി മഞ്ഞ് ഉരുകുകയാണ്. അതിവേഗം മഞ്ഞുരുകുന്ന ഇതിനെ തടയാൻ ആകില്ല. അങ്ങനെ സംഭവിച്ചാൽ പർവതത്തിന്റെ ഇപ്പോഴുള്ള രൂപം അപ്രത്യക്ഷമാകും.

ഈസ്റ്റർ ഐലൻഡ്

ഭൂമിയിൽ മനുഷ്യൻ അധിവസിക്കുന്ന ഏറ്റവും വിദൂരതയിലുള്ള സ്ഥലമാണ് ഈസ്റ്റർ ഐലൻഡ്. സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടവും. എങ്കിലും വളരെ ബുദ്ധിമുട്ടേറിയ സമയങ്ങളിലൂടെയാണ് ഈ സ്ഥലം കടന്നു പോകുന്നത്. ധാരാളമായി ഇവിടെ എത്തിച്ചേരുന്ന സഞ്ചാരികൾ തള്ളുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ഈ ദ്വീപിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. കൂടാതെ കാലാവസ്ഥ വ്യതിയാനവും ഈസ്റ്റർ ഐലൻഡിനെ വെറുതെ വിടുന്നില്ല. പസഫിക് സമുദ്രത്തിന്റെ തിരമാലകൾ കൽപ്രതിമകളെ തൊടാൻ തുടങ്ങിയിരിക്കുന്നു. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിരിക്കുന്ന ഈസ്റ്റർ ഐലൻഡ് ഭീഷണി നേരിടുകയാണ്.

യൂറോപ്യൻ ആൽപ്സ്

ലോകത്തിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് യൂറോപ്യൻ ആൽപ്സ്. അതിമനോഹരമായ വ്യൂ പോയിന്റുകളും മഞ്ഞും എല്ലാം തേരുന്ന ഇവിടം സഞ്ചാരികളുടെ സ്വര്ഗ്ഗമാണ്. അധിക കാലം ഈ ഭാഗം നില നില്ക്കാൻ സാധ്യതയില്ല. ലോകത്തിലെ മറ്റു പർവ്വതങ്ങളെ അപേക്ഷിച്ച് വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ആഗോള താപനത്തിന്റെ ദോഷഫലങ്ങൾ വളരെപെട്ടന്നാണ് ആൽപ്സിനെ ബാധിക്കുന്നത്. മറ്റിടങ്ങളെക്കാൾ ഇരട്ടിയിലധികമാണ് ഇവിടെ താപനില വർദ്ധിക്കുന്നത്. പല പഠനങ്ങളും പറയുന്നതിനനുസരിച്ച് 2050 വരെയാണ് ഈ പ്രദേശത്തിന്റെ ആയുസ്സ്.

വെനീസ്

ഓരോ ദിവസവും വെള്ളത്തിലേക്ക് പതിയെ മുങ്ങിക്കൊണ്ടിരിക്കുന്ന ഇടമാണ് ഇറ്റലിയിലെ വെനീസ്. ചരിത്രത്തിനും കലയ്ക്കും എല്ലാം ഇത്രയധികം പ്രാധാന്യം നൽകിയ വെനീസിന് വേറെയും പ്രത്യേകതകളുണ്ട്. കനാലുകളുടെ നാട്, ഒഴുകുന്ന നഗരം, പാലങ്ങളുടെ നാട്, മുഖംമൂടികളുടെ നഗരം, ജലത്തിന്റെ നഗരം എന്നിങ്ങനെ പല പേരുകളിൽ വെനീസ് അറിയപ്പെടുന്നു. കടൽ നിരപ്പ് ഉയർന്ന് കൊണ്ടിരിക്കുന്നതിനാൽ ഭാവിയിൽ ഈ പ്രദേശം ജലത്തിനടിയിൽ ആകാൻ സാധ്യതയുണ്ട്. ലോകത്തിൽ അതിവേഗം മുങ്ങി കൊണ്ടിരിക്കുന്ന നഗരങ്ങളിലെ പട്ടികയിലാണ് വെനീസ് ഉള്ളത്.

മഡഗാസ്കർ

അത്യപൂർവ്വമായ ജൈവ സമ്പത്തും ആവാസവ്യവസ്ഥയുമാണ് ആഫ്രിക്കൻ ദ്വീപ് രാജ്യമായ മഡഗാസ്കറിന്റെ പ്രത്യേകത. ലോകത്ത് മറ്റൊരിടത്തും കാണുവാൻ സാധിക്കാത്ത തരത്തിലുള്ള ജൈവ വൈവിധ്യമാണ് ഇവിടെയുള്ളത്. എന്നാൽ ഓരോ വർഷവും ക്രമാതീതമായി നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് മഡഗാസ്കർ. കാടുകളും മറ്റും ഇവിടെ കുറഞ്ഞു വരുകയാണ്. ഇപ്പോഴുത്തെ നിരക്കിലുള്ള വനനശീകരണം തുടർന്നാൽ വനങ്ങൾ ഇല്ലാതായേക്കാം.

ബഗാൻ , മ്യാൻമാർ

മ്യാൻമാറിലെ വിശുദ്ധ നഗരമായി കണക്കാക്കുന്ന ബഗാൻ 11,12 നൂറ്റാണ്ടുകളിലെ ബുദ്ധ ക്ഷേത്രങ്ങൾക്കും പഗോഡകൾക്കും പ്രസിദ്ധമാണ്. പതിനായിരത്തോളം ക്ഷേത്രങ്ങളും പഗോഡകളും ഒരു കാലത്ത് ഇവിടെയുണ്ടായിരുന്നു. ക്ഷേത്രങ്ങളുടെ കടൽ എന്നായിരുന്നു ഇവിടം അറിയപ്പെട്ടിരുന്നത്. പക്ഷെ പ്രകൃതി ദുരന്തങ്ങളുടെയും ആക്രമങ്ങളുടെയും കടന്നുകയറ്റങ്ങളുടേയുമെല്ലാം അവസാനം 2229 ക്ഷേത്രങ്ങളും പഗോഡകളും മാത്രമാണ് ഇവിടെയുള്ളത്. എന്നാൽ അതും ഇന്ന് നാശത്തിന്റെ വക്കിലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ എത്തുന്ന സഞ്ചാരികൾ വളരെ അലക്ഷ്യമായാണ് ഇവയെ സമീപിക്കുന്നത്. അത് പലപ്പോഴും അകാലത്തിലുള്ള ക്ഷേത്രങ്ങളുടെ തകർച്ചയ്ക്കും നാശത്തിനും കാരണമാകും.

സീഷെൽസ്

മാലി ദ്വീപിനും മൗറീഷ്യസിനും ഇടയിലായി സ്ഥിതി ചെയ്യുന്ന സീഷെൽസ് സഞ്ചാരികളെ നിരവധി കാരണങ്ങളാൽ ആകർഷിക്കുന്ന നാടാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ 115 ദ്വീപുകളുടെ സമൂഹമായ ഇവിടുത്തെ ദ്വീപ് കാഴ്ചകൾ അവസ്മരണീയമാണ്. എന്നാൽ ഇവിടം ഇന്ന് ഓരോ ദിവസവും കടലിലേയ്ക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനം, സമുദ്ര നിരപ്പ് ഉയരുന്നതും മണ്ണൊലിപ്പുമാണ് ഇതിനു
പ്രധാന കാരണം. സീഷെൽസ് പൂർണ്ണമായും വെള്ളത്തിനടിയിലാകുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.

നൂക്ക്, ഗ്രീൻലാൻഡ്

ഭൂമിയുടെ ഏറ്റവും വടക്കേയറ്റത്തെ തലസ്ഥാന നഗരവും ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡിന്റെ തലസ്ഥാന നഗരവുമാണ് ന്യൂക്ക്. ഹിമവും ധ്രുവക്കരടികളും ഭരിക്കുന്ന ഇവിടം ഇപ്പോൾ നാശത്തിന്റെ പാതയിലാണ്. രത്‌നങ്ങളുടെയും മറ്റും വ്യവസായം പുതുക്കാനുള്ള സർക്കാരിന്റെ പദ്ധതിയാണ് ഇതിനു കാരണം. ഇത് ഖനികളുടെ നിർമ്മാണത്തിലേയ്ക്കും ആത്യന്തികമായി അത് രാജ്യത്തിന്റെ പാരിസ്ഥിതിക മാറ്റങ്ങളിലേയ്ക്കുമാണ് ചെന്നെത്തുക. ഇങ്ങനെ സംഭവിച്ചാൽ 2100 ഓടെ ഗ്രീൻലാൻഡിന്റെ തീരദേശ ഐസ് ഉരുകി തലസ്ഥാനമായ ന്യൂക്ക് തന്നെ വെള്ളത്തിനടിയിലായേക്കും.

പാറ്റഗോണിയ , അർജന്റീന

അതീവ വ്യത്യസ്തമായ കുറെയധികം ഭൂപ്രകൃതികൾ ചേരുന്ന പ്രദേശമാണ് അർജന്റീനയിലെ പാറ്റഗോണിയ. തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തുള്ള ജനസാന്ദ്രത കുറഞ്ഞ പ്രദേശമാണ് പാറ്റഗോണിയ. ചുറ്റിലുമായി പർവ്വതനിരകൾ, ഹിമാനികൾ, മരുഭൂമികൾ, പീഠ ഭൂമികൾ, കടൽ എന്നിവയെല്ലാം ഉൾപ്പെടുന്ന ഇവിടെയും ഇന്ന് നാശത്തിന്റെ പാതയിലാണ്. മഴയുടെ കുറവും ചൂടും കാരണം മഞ്ഞ് ഉരുകുന്നതാണ് പ്രദേശത്തെ ദോഷകരമായി ബാധിച്ചിരിക്കുന്നത്.

ഗ്രേറ്റ് ബാരിയർ റീഫ് , ഓസ്‌ട്രേലിയ

ലോകത്തെ ഏറ്റവും വലിയ പവിഴപുറ്റുകളുടെ ശൃംഖലയാണ് ഗ്രേറ്റ് ബാരിയർ റീഫ്. ഓസ്‌ട്രേലിയയിലെ അതി മനോഹരമായ കാഴ്ചകളിലൊന്നായ ഗ്രേറ്റ് ബാരിയർ റീഫും ഇന്ന് നാശത്തിന്റെ പാതയിലാണ്. കാലാവസ്ഥ മാറ്റത്തെ തുടർന്ന് സമുദ്രാ താപനില വർധിക്കുന്നതാണ് ഈ അവസ്ഥയ്ക്ക് വഴിവെച്ചത്. ആഗോളതാപനമാണ് ഇതിനു കാരണം. കൂടാതെ സമുദ്ര ജലത്തിന്റെ താപനില വർധിക്കുന്നത് ഉഷ്ണമേഖലാ പവിഴപുറ്റുകളുടെ നാശത്തിലേക്ക് വഴിവയ്ക്കും. പ്രകൃത്യാ ഉള്ള 7 ലോക മഹാത്ഭുതങ്ങളിൽ ഒന്നായി ഗ്രേറ്റ് ബാരിയർ റീഫിനെ കണക്കാക്കുന്നു.

Story Highlights – Famous Places to Visit Before They Disappear

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here