Advertisement

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രന് മേൽ വീണ്ടും സമ്മർദം

February 27, 2021
Google News 1 minute Read

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് മേൽ വീണ്ടും സമ്മർദം ചെലുത്തി എഐസിസി നേതൃത്വം. കൽപ്പറ്റയെങ്കിൽ മത്സരിക്കാമെന്ന് അദ്ദേഹം സന്നദ്ധത അറിയിച്ചതായാണ് സൂചന. പല മണ്ഡലങ്ങളിലും ജില്ലകളിലും താൻ മത്സരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു.

കോൺഗ്രസിന്റെ ഒന്നാംഘട്ട പട്ടികയിൽ 30 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് പാർട്ടി ഒരുങ്ങുന്നത്. അടുത്ത ആഴ്ച പുറത്തുവിടുന്ന ആദ്യ ലിസ്റ്റിൽ സിറ്റിംഗ് സീറ്റുകളും വിജയസാധ്യതയുള്ള മണ്ഡലങ്ങളുമാണുള്ളത്. കഴിഞ്ഞ ദിവസം ചേർന്ന തെരഞ്ഞെടുപ്പ് സമിതിയിൽ ചില സിറ്റിംഗ് സീറ്റുകളിൽ മാറ്റം വേണമെന്ന ചർച്ചകളുണ്ടായി. ഇത്തരം തർക്കമുള്ള സീറ്റുകൾ ഒഴികെ വിജയ സാധ്യതയുള്ള 30 മണ്ഡലങ്ങളിൽ അടുത്ത ആഴ്ച സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർക്ക് പുറമേ മുല്ലപ്പള്ളി രാമചന്ദ്രനും വി. എം സുധീരനും മത്സരിക്കണമെന്നാണ് ഹൈക്കമാൻഡ് താത്പര്യം. ഇതിന്റെ അടിസ്ഥാനത്തിൽ എഐസിസി പ്രതിനിധികൾ സുധീരനുമായി ചർച്ച നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല.

മുല്ലപ്പള്ളി വഴങ്ങിയാൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ കൽപ്പറ്റ മണ്ഡലവും ഉൾപ്പെടുത്തും. അങ്ങനെയെങ്കിൽ കെ.സുധാകരനെ കെപിസിസി താത്ക്കാലിക അധ്യക്ഷനാക്കിയേക്കുമെന്നാണ് സൂചന. മുല്ലപ്പള്ളിയുടെ കൂടി താത്പര്യം പരിഗണിച്ചാകും ഹൈക്കമാൻഡ് തീരുമാനം.

Story Highlights – kalpatta, Mullappally ramachandran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here