ഒന്നര ലക്ഷം കട ഉടമകളുടെ പരാതി; ഇന്ത്യയിലെ മൊബൈൽ ഫോൺ വില്പനയിൽ ആമസോണിനും ഫ്ലിപ്കാർട്ടിനും നിയന്ത്രണം ഏർപ്പെടുത്തിയേക്കും

ഇന്ത്യയിലെ മൊബൈൽ ഫോൺ വില്പനയിൽ ആമസോണിനും ഫ്ലിപ്കാർട്ടിനും നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. ഒരു ദിവസം വിൽക്കാവുന്ന പരമാവധി ഫോണുകളുടെ എണ്ണത്തിൽ ഇവർക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഒന്നര ലക്ഷം കട ഉടമകൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രാജ്യത്തെ കർശനമായ വിദേശ നിക്ഷേപ ചട്ടങ്ങൾ മറികടക്കാൻ ഇവർ വർഷങ്ങളായി ഇന്ത്യയിലെ ഒരു ചെറിയ കൂട്ടം വിൽപ്പനക്കാർക്ക് മുൻഗണന നൽകുകയാണെന്ന് കത്തിൽ കട ഉടമകൾ ആരോപിക്കുന്നു. നേരായ രീതിയിലല്ല ഇവർ ഇന്ത്യയിൽ കച്ചവടം നടത്തുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനും അതുവരെ ഇവരുടെ ഇന്ത്യയിലെ കച്ചവടം തടയാനും നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
ആമസോണിലെ 400000ലധികം ഇന്ത്യൻ സെല്ലേഴ്സിൽ 35ഓളം പേരാണ് 2019ൽ ഇന്ത്യയിലെ ആകെ മൊബൈൽ വില്പനയുടെ മൂന്നിൽ രണ്ടും നടത്തിയിരുന്നത്. അതുകൊണ്ട് തന്നെ ഒരു ദിവസം ഒരു സെല്ലറുടെ ആകെ മൊബൈൽ ഫോൺ വില്പന പരമാവധി അഞ്ച് ലക്ഷം രൂപ വരെ എന്ന് നിജപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.
വിഷയത്തിൽ കേന്ദ്രസർക്കാരോ ഫ്ലിപ്കാർട്ടോ ആമസോണോ പ്രതികരിച്ചിട്ടില്ല.
Story Highlights – Amazon and Flipkart May Face Cap on Online Smartphone Sales
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here