മോഷണവും ഭവനഭേദനവും; മുൻ ഓസീസ് ക്രിക്കറ്റ് താരം ലുക്ക് പോമർബാച് അറസ്റ്റിൽ

മുൻ ഓസീസ് ക്രിക്കറ്റ് താരം ലുക്ക് പോമർബാച് മോഷണക്കേസിൽ അറസ്റ്റിൽ. ഗോൾഫ് ക്ലബ്, തുണിത്തരങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ വസ്തുക്കൾ മോഷ്ടിച്ചതിനാണ് താരം അറസ്റ്റിലായത്. ഈ വർഷം ജനുവരി 24 മുതൽ ഫെബ്രുവരി 16 വരെയുള്ള കാലയളവിലാണ് മോഷണങ്ങൾ നടന്നത്. മയക്കുമരുന്ന് മോഷണത്തിലും താരം പങ്കായിരുന്നു.
പെർത്ത് മജിസ്ട്രേറ്റ് കോടതിയിൽ ഫെബ്രുവരി 17 മുതൽ കേസ് നടക്കുകയാണ്. നാല് മോഷണം, മൂന്ന് ഭവനഭേദനം, ഒരു സ്ഥലക്കയ്യേറ്റം എന്നീ കേസുകളാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച 35കാരനായ താരത്തിന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ, കോടതിയിൽ കെട്ടിവെക്കേണ്ട തുക ഇല്ലാത്തതിനാൽ താരത്തിന് ജയിലിൽ നിന്ന് പുറത്തിറങ്ങാനായില്ല.
ഒരു മത്സരമാണ് ദേശീയ ജഴ്സിയിൽ പോമർബാച് കളിച്ചിട്ടുള്ളത്. ഐപിഎലിൽ കിംഗ്സ് ഇലവൻ പഞ്ചാബ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമുകളിൽ താരം കളിച്ചിട്ടുണ്ട്. പ്രതിശ്രുത വധുവിനെയും മറ്റൊരു വിദേശ വനിതയെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിന് താരത്തെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2013ൽ ബ്രിസ്ബേൻ ഹീറ്റിനൊപ്പം ബിഗ് ബാഷ് ലീഗ് ജേതാവായ പോമർബാച് മാനസികാരോഗ്യം മോശമായെന്ന് ചൂണ്ടിക്കാട്ടി തൊട്ടടുത്ത വർഷം ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു.
Story Highlights – Former Australian Batsman Luke Pomersbach Arrested On Burglary Charges
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here