കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി കോണ്‍ഗ്രസ് സീറ്റു വിഭജനത്തില്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും

കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി സീറ്റു വിഭജനത്തില്‍ കോണ്‍ഗ്രസ് ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. കോട്ടയം ജില്ലയിലെ മൂന്ന് സീറ്റുകളുടെ കാര്യത്തില്‍ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കം തുടരുകയാണ്. ഇന്നും നാളെയുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച അന്തിമ സീറ്റ് പട്ടിക പ്രഖ്യാപിക്കാനാണ് യുഡിഎഫ് തീരുമാനം.
ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ സീറ്റുകളെ ചൊല്ലിയാണ് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള തര്‍ക്കം. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് എം മല്‍സരിച്ച ഈ സീറ്റുകള്‍ വിട്ടു നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പൂര്‍ണമായും തള്ളുന്ന ജോസഫ് വിഭാഗം ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന നിലപാടിലാണ്.
12 സീറ്റുകള്‍ വേണമെന്ന നിലപാടിലും ജോസഫ് വിഭാഗം ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍ 10 സീറ്റുകള്‍ ലഭിച്ചാല്‍ വിട്ടുവീഴ്ചയ്ക്ക് തയാറായേക്കും. പരമാവധി 9 സീറ്റുകള്‍ എന്നതില്‍ കോണ്‍ഗ്രസും വിട്ടുവീഴ്ച ചെയ്‌തേക്കുമെന്നാണ് സൂചന.
കൂത്തുപറമ്പ്, ചേലക്കര, ബേപ്പൂര്‍ എന്നീ സീറ്റുകള്‍ ലീഗിന് അധികമായി നല്‍കാന്‍ ധാരണയായിട്ടുണ്ട്. രണ്ട് സീറ്റുകള്‍ വച്ചു മാറാനും തീരുമാനമുണ്ട്. ജയസാധ്യതയുള്ള ഒരു സീറ്റെന്ന സിഎംപിയുടെ ആവശ്യത്തിലും കയ്പമംഗലത്തിന് പകരം മറ്റൊരു സീറ്റെന്ന ആര്‍എസ്പിയുടെ ആവശ്യത്തിലും ഇന്നോ നാളെയോ തീരുമാനം ഉണ്ടാകും.
പാലായ്ക്ക് പുറമെ മറ്റൊരു സീറ്റ് കൂടി മാണി സി കാപ്പന് നല്‍കുമോ എന്നത് ബുധനാഴ്ച ചേരുന്ന യുഡിഎഫ് യോഗ ശേഷം അറിയാം. തര്‍ക്കങ്ങളും അനിശ്ചിതത്വവും ഉടന്‍ പരിഹരിച്ചാലേ ബുധനാഴ്ച സീറ്റുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനം സാധ്യമാകൂ. വ്യാഴാഴ്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയുമായി നേതാക്കള്‍ ഡല്‍ഹിക്ക് പോകാനും സാധ്യതയുണ്ട്. ഹൈക്കമാന്‍ഡ് അംഗീകാരത്തോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ ഘട്ട പട്ടിക ഈ ആഴ്ച തന്നെ പ്രസിദ്ധീകരിക്കാനാണ് നീക്കം.
Story Highlights – kerala congress, udf, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here