രണ്ട് തവണ സിപിഐഎം- ആര്‍എസ്എസ് സമാധാന ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ചെന്ന് ശ്രീ എം

രണ്ട് തവണ സിപിഐഎം- ആര്‍എസ്എസ് സമാധാന ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ചെന്ന് ശ്രീ എം ട്വന്റിഫോറിനോട്. തിരുവനന്തപുരത്തും കണ്ണൂരിലുമാണ് ചര്‍ച്ച നടത്തിയത്. കന്യാകുമാരി മുതല്‍ കശ്മീര്‍വരെയുള്ള പദയാത്ര കഴിഞ്ഞ് തിരിച്ച് വന്നശേഷമാണ് ചര്‍ച്ച നടന്നത്. 2016 ല്‍ ആയിരുന്നു ചര്‍ച്ചയെന്നും ശ്രീ എം ട്വന്റിഫോറിനോട് പറഞ്ഞു.

മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് ഒരു യോഗാ ട്രെയിനിംഗ് സെന്ററിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തപ്പോഴായിരുന്നു പിണറായി വിജയനെ പരിചയപ്പെട്ടത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ചെന്ന് കണ്ടു. അപ്പോള്‍ പിണറായി വിജയന്‍ പറഞ്ഞു. രണ്ട് സൈഡും ആലോചിച്ചാലേ ചര്‍ച്ച നടക്കൂ എന്ന്. ആര്‍എസ്എസും ആലോചിക്കണം സിപിഐഎമ്മും ഇക്കാര്യം ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് ശേഷം ഡല്‍ഹിയില്‍ എത്തിയപ്പോള്‍ മോഹന്‍ ഭാഗവതുമായി ഇക്കാര്യം സംസാരിച്ചു. കേരളത്തില്‍ തിരിച്ചെത്തിയശേഷം കോടിയേരി ബാലകൃഷ്ണനെ പോയി കണ്ടു. ചര്‍ച്ച നടത്താമെന്ന് അദ്ദേഹവും പറഞ്ഞു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും വന്നാല്‍ മാത്രമേ ചര്‍ച്ച നടത്താനാവൂ എന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പി. ജയരാജനുമായി സംസാരിച്ചു.

Read Also : സിപിഐഎം – ആര്‍എസ്എസ് സമാധാന ചര്‍ച്ചയെക്കുറിച്ച് ഉമ്മന്‍ചാണ്ടിക്കും പി.ജെ. കുര്യനും അറിയാമായിരുന്നു: ശ്രീ എം

അതിനുശേഷം കോഴിക്കോട് പോയി ആര്‍എസ്എസ് നേതാവ് ഗോപാലന്‍കുട്ടി മാസ്റ്റുമായി സംസാരിച്ചു. അതിന് ശേഷം ആദ്യത്തെ മീറ്റിംഗ് തിരുവനന്തപുരത്ത് നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തിരുന്നു.

രണ്ടാമത്തെ മീറ്റിംഗ് കണ്ണൂരില്‍ വച്ച് നടന്നു. അവിടുത്തെ മീറ്റിംഗില്‍ കൊടിയേരി ബാലകൃഷ്ണനും പി. ജയരാജനും പങ്കെടുത്തിരുന്നു. അവിടുത്തെ ജില്ലാ കളക്ടറുമായും ഇക്കാര്യം സംസാരിച്ചിരുന്നു. നേതാക്കളുമായി ഇക്കാര്യം സംസാരിച്ചു. താഴെ തട്ടില്‍ വരെ ഇക്കാര്യം അറിയിക്കാമെന്ന് നേതാക്കള്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി, പി.ജെ. കുര്യന്‍ അടക്കമുള്ള നേതാക്കള്‍ക്ക് എന്നെ അറിയാം. രാഷ്ട്രീയ നേട്ടം ഇതില്‍ ഇല്ലെന്ന് അവര്‍ക്ക് അറിയാം. ഉമ്മന്‍ചാണ്ടിയൊക്കെ ഇക്കാര്യം പിന്നീട് അറിഞ്ഞിരുന്നു. അദ്ദേഹം നല്ല കാര്യമാണെന്നും പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് ഏറ്റവും നന്നായിട്ട് അറിയാവുന്നത് പി.ജെ. കുര്യനാണ്. നല്ല കാര്യത്തിനല്ലാതെ ഞാന്‍ ഇങ്ങനെയൊരു ചര്‍ച്ച നടത്തില്ലെന്ന് അദ്ദേഹത്തിന് അറിയാമെന്നും ശ്രീ എം ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights – CPIM-RSS – sri m – mediated twice

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top