Advertisement

ഘടക കക്ഷികള്‍ ആവശ്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു; സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാകാതെ എല്‍ഡിഎഫും യുഡിഎഫും

March 4, 2021
Google News 1 minute Read

ഘടക കക്ഷികള്‍ ആവശ്യങ്ങളില്‍ ഉറച്ചു നിന്നതോടെ സീറ്റു വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാകാതെ എല്‍ഡിഎഫും യുഡിഎഫും. കേരള കോണ്‍ഗ്രസിന് പിന്നാലെ മുസ്ലീംലീഗിന്റെ ആവശ്യങ്ങളിലും തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷമാകും കോണ്‍ഗ്രസ് നിലപാട് അറിയിക്കുക. ചങ്ങനാശേരി സീറ്റിന് മൂന്നു ഘടക കക്ഷികള്‍ അവകാശവാദം ഉന്നയിച്ചതോടെ ഇടതുമുന്നണിയിലും തീരുമാനം നീളുമെന്ന് ഉറപ്പായി.

കോട്ടയം ജില്ലയിലെ നാലു സീറ്റുകളില്‍ വിട്ടു വീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷം. 11 സീറ്റുകളെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന കേരള കോണ്‍ഗ്രസ്, മൂവാറ്റുപുഴ കിട്ടിയാല്‍ കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും വിട്ടുനല്‍കിയേക്കും. പകരം സീറ്റ് ലഭിക്കുകയാണെങ്കില്‍ പേരാമ്പ്രയിലും വിട്ടുവീഴ്ചക്ക് തയാറായേക്കും. എന്നാല്‍, ഉപാധികളില്ലാതെ ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, പേരാമ്പ്ര എന്നിവയില്‍ മൂന്നെണ്ണം നല്‍കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസിന്റെ പേരാമ്പ്രയും കോണ്‍ഗ്രസിന്റെ പട്ടാമ്പിയും നേരത്തെ എല്‍ജെഡി മത്സരിച്ച കൂത്തുപറമ്പുമാണ് മുസ്ലീംലീഗിന് വേണ്ടത്. ബാലുശ്ശേരി ഏറ്റെടുത്ത് പകരം കുന്ദമംഗലം നല്‍കണമെന്നും ലീഗ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിലും കൂടുതല്‍ ചര്‍ച്ചകള്‍ വേണം.

കയ്പമംഗലത്ത് മത്സരിക്കാനില്ലെന്ന് ആര്‍എസ്പി ആവര്‍ത്തിച്ചു. പകരം റാന്നിയോ അമ്പലപ്പുഴയോ കിട്ടണം. സിഎംപി നേതാവ് സി.പി. ജോണിന് ജയസാധ്യതയുള്ള സീറ്റെന്നതിലും മാണി സി. കാപ്പന് പാലായ്ക്ക് പുറമെ മറ്റൊരു സീറ്റെന്നതിലും യുഡിഎഫില്‍ തീരുമാനമായില്ല.

കേരളാ കോണ്‍ഗ്രസ് എമ്മിനു പുറമെ, സിപിഐയും ജനാധിപത്യ കേരളാ കോണ്‍ഗ്രസും ചങ്ങനാശേരിയില്‍ കണ്ണുവെച്ചിരിക്കുന്നതാണ് ഇടതുമുന്നണിയിലെ പ്രതിസന്ധി. കാഞ്ഞിരപ്പള്ളി വിട്ടുനല്‍കണമെങ്കില്‍ ചങ്ങനാശേരി വേണമെന്ന നിലപാടിലാണ് സിപിഐ. എന്നാല്‍ ഈ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനാണ് സിപിഐഎം ആലോചന. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ തട്ടകത്തില്‍ ഒരുസീറ്റുമാത്രമാകുന്നതാണ് സിപിഐയെ അലട്ടുന്നത്. കോട്ടയം ജില്ലയില്‍ വിട്ടുവീഴ്ചയില്ലെന്ന് സിപിഐയും സിറ്റിംഗ് സീറ്റുകള്‍ വിട്ടുനല്‍കാനാവില്ലെന്ന് കേരളാ കോണ്‍ഗ്രസ് എമ്മും നിലപാട് അറിയിച്ചിട്ടുണ്ട്. അതേസമയം ചങ്ങനാശ്ശേരിക്ക് വേണ്ടി ജനാധിപത്യകേരള കോണ്‍ഗ്രസും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച ഡോ. കെ.സി. ജോസഫിനെ തന്നെ സ്ഥാനാര്‍ഥിയാക്കാനാണ് നീക്കം.

Story Highlights – LDF and UDF seat-sharing talks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here