ഇഡി ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി കിഫ്ബി ഉദ്യോഗസ്ഥ; കേസെടുക്കാനൊരുങ്ങി സർക്കാർ

ഇഡി ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുക്കാനൊരുങ്ങി സർക്കാർ. എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്ന കിഫ്ബി ഉദ്യോഗസ്ഥയുടെ പരാതിയിൽ നടപടിയെടുക്കാനാണ് ആലോചന. ധനകാര്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയായ കിഫ്ബി ഉദ്യോഗസ്ഥയാണ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയത്. ചോദ്യം ചെയ്യലിനിടെ മാനസികമായി പീഡിപ്പിച്ചുവെന്നും ഉന്നത ഉദ്യോഗസ്ഥർക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്നുമായിരുന്നു പരാതി.
കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് കേസെടുക്കുന്നതിന് മുൻപ് മൂന്ന് ദിവസം ഇഡി ഉദ്യോഗസ്ഥർ പരാതിക്കാരിയെ ചോദ്യം ചെയ്തിരുന്നു. പരാതി നിയമനടപടികൾക്ക് ഉടൻ തന്നെ കൈമാറിയേക്കുമെന്നാണ് വിവരം.
കിഫ്ബിക്കെതിരായ നടപടികളിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പിൻമാറണമെന്ന് കിഫ്ബി ആവശ്യപ്പെട്ടിരുന്നു. നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ഇ ഡിക്ക് അയച്ച മറുപടിയിൽ കിഫ്ബി പറഞ്ഞു. കേസിൽ കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ വിക്രംജിത് സിംഗ് ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുൻപിൽ ഹാജരായില്ല.
Read Also : കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി ലഭിക്കുമെന്ന് ഒരു സംശയവും വേണ്ട: ധനമന്ത്രി
ഉദ്യോഗസ്ഥർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കിഫ്ബി സിഇഒ കെ എം അബ്രഹാമും നാളെ ഹാജരാകില്ല. എൻഫോഴ്‌സ്‌മെന്റിന് എതിരെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച സാഹചര്യത്തിൽ കൂടിയാണ് ഉദ്യോഗസ്ഥരുടെ ഈ തീരുമാനം.
ഇഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പരാതിപ്പെട്ടിരുന്നു. ഇഡിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് മുഖ്യമന്ത്രി കത്ത് അയച്ചു. കിഫ്ബിക്ക് എതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കത്തിൽ പറയുന്നു. ഇഡിയുടെ ഇടപെടലുകൾ പെരുമാറ്റ ചട്ട ലംഘനമാണ്. കിഫ്ബിക്ക് ഇഡിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും കത്തിൽ പറയുന്നുണ്ട്.
Story Highlights – The government is preparing to file a case against the ED officials
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here