ഇത് ട്വന്റിഫോറിന്റെ റിപ്പോർട്ടല്ല; പ്രചരിക്കുന്നത് വ്യാജ സ്‌ക്രീൻ ഷോട്ട്

പിണറായി വിജയന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ട്വന്റിഫോറിന്റെ പേരിൽ വ്യാജ പ്രചാരണം. പിണറായി വിജയൻ മത്സരിക്കേണ്ടെന്ന് പിബി തീരുമാനിച്ചുവെന്നാണ് വ്യജ സ്‌ക്രീൻഷോട്ടിൽ പറഞ്ഞിരിക്കുന്നത്.

‘പച്ചപ്പട താനൂർ’ എന്ന അക്കൗണ്ടിൽ നിന്നാണ് ഒറ്റ നോട്ടത്തിൽ ട്വന്റിഫോറിന്റേത് എന്ന് തോന്നിപ്പിക്കുന്ന ഈ വ്യാജ സ്‌ക്രീൻഷോട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പോസ്റ്റ് ‘ഫ്രീ തിങ്കേഴ്‌സ്’ എന്ന ഗ്രൂപ്പിലും പങ്കുവച്ചിട്ടുണ്ട്.

എന്നാൽ ഇത് ‘ഫാബ്രിക്കേറ്റഡ്’ സ്‌ക്രീൻഷോട്ടുകളാണെന്ന് സ്ഥാപിക്കാൻ ചിത്രത്തിൽ തന്നെ തെളിവുകൾ അവശേഷിപ്പിച്ചിട്ടുണ്ട്.

സ്‌ക്രീൻഷോട്ട് – 1

ഒന്നാമതായി ഫോണ്ട് തന്നെ. ട്വന്റിഫോറിന്റെ ഫോണ്ട് അല്ല വ്യാജ സ്‌ക്രീൻഷോട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. മറ്റൊന്ന് 24 ലോഗോയ്ക്ക് ഇടത് വശത്തായുള്ള ‘ലൈവ്’ ടാബ് വ്യാജ സ്‌ക്രീൻഷോട്ടിൽ ഇല്ല എന്നതാണ്.

വ്യാജ സ്‌ക്രീൻഷോട്ടിന്റെ താഴ്ഭാഗത്തിനുമുണ്ട് വ്യത്യാസം. താഴെ മഞ്ഞയിലും വെള്ളയിലുമായി സദാ ബ്രേക്കിംഗ് വാർത്തകൾ നൽകുന്ന ടിക്കർ വ്യാജ സ്‌ക്രീൻഷോട്ടിൽ കാണാനില്ല. മാത്രമല്ല വ്യാജ സ്‌ക്രീൻ ഷോട്ടിൽ അക്ഷരത്തിന് പിന്നിൽ ചെറുതായി വാട്ടർമാർക്ക് എന്ന് തോന്നിക്കുന്ന വെള്ള നിറത്തിലുള്ള എഴുത്ത് കാണാം. എന്നാൽ അക്ഷരങ്ങൾ വായിക്കുന്നതിന് തടസം സൃഷ്ടിക്കുന്ന ഇത്തരമൊരു വാട്ടർമാർക്ക് ട്വന്റിഫോറിന്റെ യഥാർത്ഥ സ്‌ക്രീനിൽ അക്ഷരങ്ങൾക്ക് പിന്നിലായി കാണില്ല.

സ്‌ക്രീൻഷോട്ട്- 2

രണ്ടാമത്തെ സ്‌ക്രീൻഷോട്ടിൽ ഭാഷാ ശൈലിയിൽ തന്നെ പ്രകടമായ വ്യത്യാസം കാണാം. ട്വന്റിഫോറിൽ ഉപയോഗിക്കുന്ന ചില വ്യാകരണങ്ങളും, വാക്കുകൾ എഴുതുന്ന രീതിയും അടങ്ങുന്ന സ്‌റ്റൈൽ ബുക്ക് അനുസരിച്ചല്ല വ്യാജ സ്‌ക്രീൻഷോട്ടിലെ വാചകങ്ങൾ.

‘മത്സരിക്കണ്ട’ എന്നതല്ല മറിച്ച് ‘മത്സരിക്കേണ്ട’ എന്നതാണ് ട്വന്റിഫോറിന്റെ ശൈലി. മാത്രമല്ല ഈ വ്യാജ സ്‌ക്രീൻഷോട്ടിലും 24 ലോഗോയ്ക്ക് ഇടത് വശത്തായുള്ള ‘ലൈവ്’ ടാബ് കാണാനില്ല.

ട്വന്റിഫോറിന്റേത് എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള വ്യാജ സ്‌ക്രീൻഷോട്ടാണ് നിലവിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് എന്ന് ഇതിലൂടെ വ്യക്തം.

Story Highlights – fake screenshot, 24 fact check

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top