റോഡ് സേഫ്റ്റി വേൾഡ് സീരീസ്: മികച്ച തുടക്കം മുതലാക്കാനാവാതെ ബംഗ്ലാദേശ്; ഇന്ത്യക്ക് 110 റൺസ് വിജയലക്ഷ്യം

റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ബംഗ്ലാദേശ് ലെജൻഡ്സിനെതിരെ ഇന്ത്യൻ ലെജൻഡ്സിന് 110 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 19.4 ഓവറിൽ 109 റൺസ് എടുക്കുന്നതിനിടെ ഓൾഔട്ടാവുകയായിരുന്നു. ഓപ്പണർമാരിലൂടെ ലഭിച്ച മികച്ച തുടക്കം അവർക്ക് മുതലെടുക്കാനായില്ല. ഇന്ത്യക്കായി പ്രഗ്യാൻ ഓജ, യുവരാജ് സിംഗ്, വിനയ് കുമാർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യ വിക്കറ്റിൽ നാസിമുദ്ദീൻ- ജാവേദ് ഒമർ സഖ്യം ബംഗ്ലാദേശിന് സ്വപ്ന സമാനമായ തുടക്കമാണ് നൽകിയത്. നാസിമുദ്ദീനായിരുന്നു കൂടുതൽ അപകടകാരി. ഇന്ത്യൻ പേസർമാരെ ഗ്രൗണ്ടിനു നാലുപാടും പായിച്ച നാസിമുദ്ദീൻ ജാവേദിനൊപ്പം ആദ്യ വിക്കറ്റിൽ 59 റൺസ് കൂട്ടിച്ചേർത്തു. പ്രഗ്യാൻ ഓജയുടെ പന്തിൽ നമൻ ഓജ സ്റ്റമ്പ് ചെയ്ത് ജാവേദ് ഒമർ (12) പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് തകർന്നത്. പിന്നാലെ 33 പന്തുകളിൽ 49 റൺസ് നേടിയ നാസിമുദ്ദീനെ യുവരാജ് ബൗൾഡാക്കി. പിന്നീട് വിക്കറ്റുകളുടെ ഘോഷയാത്ര ആയിരുന്നു.
ഓപ്പണർമാരെ കൂടാതെ രജെൻ സാലെ (12) മാത്രമാണ് ബംഗ്ലാദേശ് നിരയിൽ രണ്ടക്കം കടന്നത്. പ്രഗ്യാൻ ഓജ 4 ഓവറിൽ വെറും 12 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ യുവരാജ് 3 ഓവറിൽ 15 റൺസ് വഴങ്ങിയാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. സമ്പന്നമായ ഭൂതകാലത്തെ അനുസ്മരിപ്പിക്കുന്ന ഒരു റണ്ണൗട്ടിലും യുവി പങ്കാളിയായി. വിനയ് കുമാർ 3.4 ഓവറിൽ 25 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. മൻപ്രീത് ഗോണിക്ക് ഒരു വിക്കറ്റുണ്ട്.
Story Highlights – road safety world series india need 110 runs to win
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here