രാമക്ഷേത്രത്തിനു സംഭാവന നൽകിയില്ല; ആർഎസ്എസ് നടത്തുന്ന സ്കൂളിൽ നിന്ന് പുറത്താക്കിയെന്ന് അധ്യാപകൻ

അയോധ്യയിൽ പുതുതായി പണികഴിപ്പിക്കുന്ന രാമക്ഷേത്രത്തിനു സംഭാവന നൽകാതിരുന്നതിനാൽ ആർഎസ്എസ് നടത്തുന്ന സ്കൂളിൽ നിന്ന് തന്നെ പുറത്താക്കിയെന്ന് അധ്യാപകൻ. ഉത്തർപ്രദേശിലാണ് സംഭവം. 1000 രൂപ സംഭാവന നൽകാൻ വിസമ്മതിച്ചതിനാൽ തന്നെ പുറത്താക്കിയെന്നാണ് അധ്യാപകൻ്റെ ആരോപണം. എന്നാൽ, ഈ ആരോപണം സ്കൂൾ അധികൃതർ തള്ളി.
യുപി ജഗദീഷ്പൂരിലെ സരസ്വതി ശിശു മന്ദിർ സ്കൂളിൽ പഠിപ്പിക്കുന്ന യശ്വന്ത് പ്രതാപ് സിംഗ് എന്ന അധ്യാപകനാണ് ആരോപണവുമായി രംഗത്തെത്തിയത്. ആർഎസ്എസ് പ്രവർത്തകർ രാമക്ഷേത്രത്തിനുള്ള ഫണ്ട് പിരിക്കാൻ സ്കൂളിൽ എത്തിയപ്പോൾ പണം നൽകാൻ സ്കൂൾ അധികൃതർ നിർബന്ധിച്ചതായി അദ്ദേഹം പറയുന്നു. ഇതിനു പിന്നാലെ തന്നെ സ്കൂളിൽ നിന്ന് പുറത്താക്കുകയായിരുന്നു എന്ന് യശ്വന്ത് പ്രതാപ് സിംഗ് ആരോപിച്ചു. തൻ്റെ 8 മാസത്തെ ശമ്പളം സ്കൂൾ തടഞ്ഞുവച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റിനു പരാതി നൽകിയെന്നും നീതി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ, ഇദ്ദേഹത്തിൻ്റെ ആരോപണങ്ങൾ സ്കൂൾ പ്രിൻസിപ്പൽ തള്ളി. അവരവർക്ക് കഴിയുന്ന രീതിയിൽ സംഭാവന നൽകണമെന്ന് മാന്യമായി അവശ്യപ്പെടുകയായിരുന്നു. അദ്ദേഹം സ്വയം രാജിവച്ചതാണ് എന്ന് പ്രിൻസിപ്പൽ പറഞ്ഞു. ആർഎസ്എസ് ജില്ലാ പ്രചാരകും ആരോപണങ്ങൾ തള്ളി. നിരബന്ധിതമായി ആരോടും സംഭാവന ആവശ്യപ്പെട്ടിട്ടില്ലെന്ന് ആർഎസ്എസ് അറിയിച്ചു.
Story Highlights – Fired from RSS-run school for not donating for Ram temple, alleges UP teacher
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here