സിപിഐഎമ്മിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇന്ന് രൂപം നല്‍കും

cpim candidate criteria decided

സിപിഐഎമ്മിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് രൂപം നല്‍കും. ജില്ലകളില്‍ നിന്നുള്ള നിര്‍ദേശങ്ങളും മാറ്റങ്ങളും ചര്‍ച്ച ചെയ്തായിരിക്കും പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുക.

തരൂരില്‍ എ കെ ബാലന്റെ ഭാര്യ ഡോ. പി കെ ജമീലയെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് നിലപാടിലെ തീരുമാനമാകും നിര്‍ണായകം. ചെങ്ങനാശ്ശേരി സീറ്റിനെ ചൊല്ലിയുള്ള സിപിഐ- കേരളാ കോണ്‍ഗ്രസ് എം ഭിന്നതയ്ക്കും ഇന്ന് പരിഹാരമുണ്ടായേക്കും.

Read Also : വി കെ ഇബ്രാഹിം കുഞ്ഞിനെ സ്ഥാനാര്‍ത്ഥിയാക്കരുത്: എറണാകുളത്തെ മുസ്ലിം ലീഗ് നേതാക്കള്‍

രണ്ടുടേം വ്യവസ്ഥയില്‍ ആര്‍ക്കും ഇളവില്ലെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ വ്യക്തമാക്കപ്പെട്ടത്. തോമസ് ഐസക്, ജി സുധാകരന്‍, പി ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവര്‍ക്കായി ജില്ലകളില്‍ നിന്നുയര്‍ന്ന സമ്മര്‍ദം വിലപ്പോയില്ല. പി ജയരാജനായി ഉയര്‍ന്ന മുറവിളികള്‍ അച്ചടക്ക നടപടിയിലേക്ക് കടക്കുകയും ചെയ്തു.

തരൂരില്‍ ഡോ. പി കെ ജമീലയുടെ കാര്യത്തിലാണ് പ്രതിഷേധം ഫലം കണ്ടത്. പകരം ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി പി സുമോദിനെ നിയോഗിക്കണമെന്ന സിപിഐഎം ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം അംഗീകരിക്കപ്പെട്ടേക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ ശാന്തകുമാരിയെ കോങ്ങാടിലേക്ക് പരിഗണിക്കും. പാലക്കാട് സീറ്റില്‍ കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥിന്റെ തീരുമാനത്തിന് കാക്കുകയാണ് സിപിഐഎം. ദേവികുളം, മഞ്ചേശ്വരം, എറണാകുളം എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ചും തീരുമാനമെടുക്കേണ്ടതുണ്ട്. കേരളാ കോണ്‍ഗ്രസ് എമ്മിന് സീറ്റുകള്‍ വിട്ടുകൊടുത്തതിലെ പ്രതിഷേധവും യോഗത്തില്‍ ഉയരും.

Story Highlights – cpim, assembly elections 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top