അംബാനിക്ക് ഭീഷണി; കാർ ഉടമയുടെ മരണത്തിൽ കൊലപാതകത്തിന് കേസെടുത്ത് ഭീകരവിരുദ്ധ സേന

മുകേഷ് അംബാനിയുടെ വസതിക്ക് മുന്നിൽ സ്ഫോടക വസ്തുക്കളുമായി കണ്ട വാഹനത്തിന്റെ ഉടമ മൻസുക് ഹിരണിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്ത് ഭീകര വിരുദ്ധ സേന. കൊലപാതകത്തിന് പുറമേ ഗൂഢാലോചന, തെളിവു നശിപ്പിക്കാൻ ശ്രമം എന്നീ കുറ്റങ്ങൾക്കും അജ്ഞാതർക്കെതിരെ കേസെടുത്തു. ഹിരണിന്റെ ഭാര്യ നൽകിയ പരാതിയിലാണ് നടപടി. അപകടമരണത്തിനാണ് നേരത്തെ കേസുണ്ടായിരുന്നത്.
മരണത്തിനു മുൻപ് മൻസുക് ഹിരൺ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അയച്ച കത്ത് പുറത്തായത് മഹാരാഷ്ട്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെയും സര്‍ക്കാരിനെയും ഒരു പോലെ പ്രതിരോധത്തിലാക്കുന്ന കത്തിൽ മാധ്യമങ്ങൾക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉണ്ടായിരുന്നു. കാർ മോഷ്ടിക്കപ്പെട്ടതാണെന്ന് പല തവണ വ്യക്തമാക്കിയിട്ടും പൊലീസ് ക്രൂരമായി തന്നെ പീഡിപ്പിച്ചുവെന്ന് മൻസുക് കത്തിൽ ആരോപിച്ചിരുന്നു.
കഴിഞ്ഞമാസം 25ന് രാത്രിയാണ് സ്ഫോടക വസ്തുക്കളും ഭീഷണിക്കത്തും സഹിതം അംബാനിയുടെ വീടിന് മുന്നിൽ കാർ കണ്ടെത്തിയത്. തുടർന്ന്, മോഷണം പോയ തന്റെ കാറാണിതെന്ന് അറിയിച്ച് മൻസുക് രംഗത്തെത്തി. കാർ കാണാനില്ലെന്നു പൊലീസിൽ പരാതി നൽകിയതിന്റെ രേഖയും ഹാജരാക്കിയിട്ടും പൊലീസ് തന്നെ വേട്ടയാടിയെന്നും മൻസുക് കുറ്റപ്പെടുത്തിയിരുന്നു.
Story Highlights – Mukesh Ambani case: ATS probes businessman’s death as murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here