Advertisement

കോണ്‍ഗ്രസ് വിട്ടത് മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍

March 10, 2021
2 minutes Read
p c chakko

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ പ്രമുഖനാണ് പി സി ചാക്കോ. എഴുപതുകള്‍ തൊട്ട് പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവാണ് പാര്‍ട്ടിയെ വിട്ടുപിരിഞ്ഞത്. അണികള്‍ക്കും നേതാക്കള്‍ക്കും ഒരുപോലെ ഞെട്ടലുണ്ടാക്കുന്ന തരത്തില്‍ ആണ് പെട്ടെന്നുള്ള രാജി. മുതിര്‍ന്ന നേതാക്കള്‍ക്ക് എതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് പി സി ചാക്കോ പടിയിറങ്ങിയത്.

കെഎസ്യുവിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് പി സി ചാക്കോ ചുവടുവച്ചത്. തിരുവനന്തപുരത്തെ മാര്‍ ഇവാനിയോസിലായിരുന്നു പഠനം. പിന്നീട് യൂത്ത് കോണ്‍ഗ്രസിലേക്ക് ചേക്കേറി. 1970 മുതല്‍ 1973 വരെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. 1973-1975 കാലഘട്ടത്തില്‍ സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി.

കോണ്‍ഗ്രസിലേക്ക്

1975 മുതല്‍ 1979 വരെ കെപിസിസിയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1978-ല്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ആന്റണി വിഭാഗത്തിനൊപ്പം ചേര്‍ന്ന ചാക്കോ 1980-ല്‍ പിറവം മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1980-1981 ലെ ഇ കെ നായനാര്‍ മന്ത്രിസഭയിലെ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു.

ആന്റണി വിഭാഗം 1982-ല്‍ കോണ്‍ഗ്രസില്‍ ലയിച്ചെങ്കിലും ചാക്കോ കോണ്‍ഗ്രസ് (എസ്) എന്ന പാര്‍ട്ടിയില്‍ ചേര്‍ന്നു. 1982 മുതല്‍ 1986 വരെ കോണ്‍ഗ്രസ് എസിന്റെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെത്തി.

Read Also : കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വീതം വച്ചുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം ഇത്തവണ ഉണ്ടാകില്ല; തുറന്നടിച്ച് പി സി ചാക്കോ

1991-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് ആദ്യമായി ലോക സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1996-ല്‍ മുകുന്ദപുരത്ത് നിന്നും 1998-ല്‍ ഇടുക്കിയില്‍ നിന്നും 2009-ല്‍ തൃശൂരില്‍ നിന്ന് തന്നെ വീണ്ടും ലോകസഭയില്‍ അംഗമായി.

1998 മുതല്‍ 2009 വരെയുള്ള 2ജി അഴിമതിയും ടെലികോം സ്പെട്രവും അന്വേഷിച്ച സംയുക്ത പാര്‍ലമെന്ററി സമിതി ചെയര്‍മാനായിരുന്നു. കൂടാതെ എഐസിസിയുടെ ഔദ്യോഗിക വക്താവായും പ്രവര്‍ത്തിച്ചു. ബിജെപി ‍ജെപിസി റിപ്പോര്‍ട്ടില്‍ തിരിമറി നടത്തിയെന്ന് പി സി ചാക്കോയുടെ പേരില്‍ ആരോപണം ഉന്നയിച്ചിരുന്നു. 2ജി സ്പെക്ട്രം അഴിമതിയില്‍ പ്രതിഷേധിക്കാന്‍ അവസരം നിഷേധിച്ച ലോക്സഭ സ്പീക്കര്‍ മീരാ കുമാറിന്റെ പേരിലും ഇത്തരത്തില്‍ ബിജെപി നേതാക്കള്‍ ആരോപണം ഉന്നയിച്ചു.

1999-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് നിന്ന് സിപിഐഎമ്മിന്റെ കെ സുരേഷ് കുറുപ്പിനോടും 2014-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് ഇടത് സ്വതന്ത്രനായി മത്സരിച്ച സിനിമ നടന്‍ ഇന്നസെന്റിനോടും പി സി ചാക്കോ പരാജയപ്പെട്ടു.

ബാങ്കിംഗ് മേഖലയിലും ധനകാര്യത്തിലും ആണ് പി സി ചോക്കോയ്ക്ക് പ്രത്യേക താത്പര്യമുള്ളത്. ആലുവ ഫെഡറല്‍ ബാങ്ക് ബ്രാഞ്ചിലെ ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വീക്ഷണം പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു. റബ്ബര്‍ ബോര്‍ഡിലെയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും മെമ്പറായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1946 സെപ്തംബര്‍ 29ന് ജോണ്‍ ചാക്കോയുടെ മകനായി കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ആണ് പി സി ചാക്കോയുടെ ജനനം. ഭാര്യ ലീല ചാക്കോ. രണ്ട് മക്കളുണ്ട്.

Story Highlights – pc chako, congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top